Search This Blog

Thursday, December 1, 2011

ഈ മുഖ്യമന്ത്രിയെ നമ്മള്‍ എത്ര നാള്‍ സഹിക്കണം.

 വിന്‍സ് മാത്യു

ഈ മുഖ്യമന്ത്രിയെ നമ്മള്‍ എത്ര നാള്‍ സഹിക്കണം. ജനപ്രിയന്‍ എന്ന് ഖ്യാതി നേടാന്‍ ഭരണം നടത്തേണ്ട വിലപ്പെട്ട സമയം ജനങ്ങള്‍ക്കിടയില്‍ നാടകം കളി നടത്തുന്ന ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയേ കേരളത്തിലേ ജനങ്ങള്‍ ഇനി എത്ര നാള്‍ സഹിക്കണം. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി 28/11ന് എത്തിയപ്പോള്‍ രണ്ടര മണിക്കൂര്‍ അവിടെ ചിലവഴിച്ചപ്പോള്‍ കണ്ട കാഴ്ച്ചകളും അദ്ദേഹവുമായി നേരിട്ട് നടത്തിയ കൂടികാഴ്ച്ചയുമാണ്ഈ കുറിപ്പുകള്‍ എഴുതാന്‍ കാരണം.


നാട് ഭരിക്കുകയും കേരളത്തിന്റെ ഭരണം നടത്തേണ്ടതുമായ മുഖ്യമന്ത്രി രാവിലേ ഏതാണ്ട് 8മണിമുതല്‍ ജനങ്ങളെ കാണുന്നു... പരാതികള്‍ വാങ്ങുന്നു,... കേള്‍ക്കുന്നു. നിരവധിസമയം പരാതിക്കാരുടെയും മുഖ്യമന്ത്രിക്കും സമീപം ചിലവഴിച്ചതില്‍ നിന്നും മനസിലായത് ഒരു പരാതിയിലും യാതൊരു തീരുമാനവും അദ്ദേഹം കൈക്കൊള്ളുന്നില്ല. ചില പരാതികള്‍ കേട്ടിട്ട് നോക്കാം... അന്വേഷിക്കാം... മറുപടി തരാം..എന്നു പറയുന്നു,.. ചിലവയില്‍ ഒപ്പിട്ടും കുറിപ്പിട്ടും കൂടെയുള്ള സിക്രട്ടറിക്ക് നല്‍കുന്നു,...ചിലതില്‍ കുറിപ്പിട്ട് ഇന്ന ഓഫീസില്‍ നല്കാന്‍ എന്നുപറഞ്ഞ് പരാതിക്കാരന് തന്നെ നല്‍കുന്നു. ഒരു പരാതിയും അന്തിമമായി പരിഹരിക്കുന്നതായി കണ്ടില്ല. 50ലധികം പരാതികളും പരാതിക്കാരെയും വീക്ഷിച്ചതില്‍നിന്നാണ് ഇത് പറയുന്നത്. പരാതി നല്കിയിട്ട് പോകുന്ന ചിലര്‍ക്ക് മുഖ്യമന്ത്രിയേ നേരില്‍ കണ്ട് പറഞ്ഞല്ലോ എന്ന സമാധാനം... ചിലരുടെ മുഖത്ത് വന്നതിലും ദുഖം തിരികെ പോകുമ്പോള്‍.


ഇത്തരം ജനങ്ങളെ ബുദ്ധിമുട്ടിക്കലും പ്രഹസനവും കേരളത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയുടെ ഭരണം നടത്തുവാനുള്ള സമയം അപഹരിക്കും. കേവല പൊങ്ങച്ചത്തിനായി നടത്തുന്ന ജനസമ്പര്‍ക്കവും, എവിടെ ചെന്നാലും പരാതികള്‍ സ്വീകരിക്കുന്ന നയത്തിലും കുറെയൊക്കെ സത്യ സന്ധത വേണം. ഒരു പരാതിയിലും ബന്ധപ്പെട്ട വകുപ്പും ജീവനക്കാരും അല്ലേല്‍ ക്യാബിനറ്റുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കുന്നില്ല. പിന്നെ ഈ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചാള്‍ അവിടെ കൈകാര്യം ചെയ്യാവുന്നതല്ലേയുള്ളു?. നാടുനീളെ നടന്ന് ജനങ്ങളെ മണിക്കൂറുകള്‍ ബുദ്ധിമുട്ടിക്കുകയും പറ്റിക്കുകയും ചെയ്യേണ്ടതില്ല. ഭരണാധികാരിയെന്ന നിലയില്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നത് നല്ലതാണ് .എന്നാല്‍ തന്നില്‍ അര്‍പ്പിതമായ ഭരണ ജോലികള്‍ മാറ്റിയും അവധി നല്കിയും ഇത്തരം സമയം നഷ്ടപ്പെടുത്തുന്ന നാടകങ്ങള്‍ ജനങ്ങളോടും കേരളത്തോടും കാണിക്കുന്ന കടന്ന കൈ തന്നെയാണ്.

ഒരു പരാതി ഓഫീസിലേക്ക് അയച്ചാല്‍ മുഖ്യമന്ത്രി പരിഗണിക്കില്ലെന്ന തോന്നലില്‍ നിന്നാണോ ജനങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് പരാതി നല്കാന്‍ 100കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും പണവും, ഉറക്കവും, സമയവും, ദിവസവും, ജോലിയുംനഷ്ടപ്പെടുത്തിയും തെരുവിലും ഗസ്റ്റ് ഹൗസിലും, തിരുവന്തപുരത്തുമായി കാത്തുകെട്ടികിടക്കുന്നത്. അതോ മുഖ്യ മന്ത്രിക്ക് തന്റെ ഓഫീസിനേ വിശ്വാസമില്ലാത്തതാണോ? അവിടെ വരുന്ന കത്തുകളും പരാതിയും, ഇമെയിലുകളും തനിക്ക് ലഭിക്കില്ലെന്ന ബോധ്യത്തില്‍ നിന്നാണോ താന്‍ നടക്കുന്ന വഴികളിലെല്ലാം ജനത്തേ പരാതിയുമായി കാത്തുനിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത്. പ്രിയ മുഖ്യമന്ത്രി ഒന്നോര്‍ക്കണം ആവശ്യം ജനങ്ങളുടെയാണ് . താങ്കളുടെ ചീപ്പ് പബ്ലിസിറ്റിക്കും ജനനായകന്‍, ജനത്തിരക്കുള്ള മുഖ്യന്‍ എന്ന ഗ്ലാമര്‍ നേടാനും പൊതുജനത്തേ വെയിലും മഴയും കൊള്ളിച്ച് ഈവിധം കഴുതകളാക്കരുത്.

പ്രിയ മുഖ്യമന്ത്രീ...ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന അങ്ങയുടെ ഭാഗത്തുനിന്നുള്ള സമീപനമാണ്. പരാതി തപാലില്‍ അയച്ചാല്‍ അത് വായിച്ച് അങ്ങേയ്ക്ക് വേണ്ടതുചെയ്താല്‍ എന്ത് കുഴപ്പമാണ് ഉള്ളത്. ഫോണും ഇമെയിലും ഉള്ളപ്പോള്‍ അങ്ങ് ഇത്തരം കാര്യങ്ങള്‍ക്ക് അത് പൂര്‍ണ്ണമായി എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല. ലോകം ഇത്രയും വികസിച്ചപ്പോഴും, മാറ്റത്തിന്റെ വിപ്ലവം നടക്കുമ്പോഴും മുഖ്യമന്ത്രിയോട് ഒരു ചോദ്യം... താങ്കള്‍ ഒരു ദിവസം എത്ര തവണ മുഖ്യമന്ത്രിയുടെ ഇമെയില്‍ തുറന്ന് നോക്കുകയും പരാതികള്‍ വായിക്കാറും ഉണ്ട്? എത്രയെണ്ണത്തിന് നേരിട്ട് മറുപടി നല്കാറുണ്ട്.

എന്തായാലും നീതി തേടി നടക്കുന്ന ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി ഷോ കാണിക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ആധുനിക കാലത്തേ ഏറ്റവും വിലപ്പെട്ട മനുഷ്യന്റെ സമയവും, പണവും മുഖ്യമന്ത്രി തനിക്ക് പരാതി നല്കാന്‍ വരുന്ന ജനങ്ങളില്‍നിന്നും കവര്‍ന്നെടുക്കുന്നു. ലളിത ജീവിതവും ചിലവ് ചുരുക്കലും പറയുന്ന ഉമ്മന്‍ചാണ്ടിക്കറിയാമോ അങ്ങയേ കാണാന്‍ വരുന്ന ജനക്കൂട്ടത്തിന്റെ ഒരുമാസത്തേ ആകെ നഷ്ടം എത്രയെന്ന്?. രാജാക്കന്‍ മാരുടെ കാലത്തേപോലെ ഈ നടത്തുന്ന ദര്‍ബാറുകള്‍ക്ക് വരുന്ന ഭരണ ചിലവുകള്‍...ഒരു പണം മുടക്കും ഇല്ലാതെ ഈ പരാതികള്‍ സ്വീകരിക്കാമെന്നിരിക്കെ നടത്തുന്ന ഈ ആര്‍ഭാഢങ്ങള്‍ ഉമ്മന്‍ചാണ്ടി എന്ന ഒരേയൊരാളിന്റെ മാനസീക സുഖത്തിന് വേണ്ടിയാണ്..ഇത് ധിക്കാരവും അങ്ങേയറ്റത്തേ ധൂര്‍ത്തുമാണ്... ഇത് രാജ്യ ദ്രോഹവും അനീതിയുമണ്. ലോകവും ആധുനിക സംവിധാനവും വളന്ന കാലത്ത് ഒരു മുഖ്യമന്ത്രി ഇത്തരം പരിപാടികളും തനിക്ക് ചുറ്റും ആള്‍ക്കൂട്ടം സൃഷ്ടിക്കുവാന്‍ ചീപ്പ് വേലകള്‍ ചെയ്യുകയുമരുത്. താന്‍ സത്യസന്ധനും നല്ല ഭരണാധികാരിയുമാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അങ്ങിനെതന്നെ പെരുമാറണം. ഇത്തരം ചെപ്പടി വിദ്യകള്‍ക്ക് അധികകാലം നിലനില്പ്പുണ്ടാകില്ല. ഈ പ്രഹസനവും, ഷോ നാടകവും ജനം തിരിച്ചറിയും..സാംസ്‌കാരിക കേരളംതരം കിട്ടുമ്പോള്‍ ഇതിന് ചുട്ട മറുപടിയും നല്‍കും.