Search This Blog

Thursday, October 31, 2013

ചാലാ ദുരന്തം: അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്രിമം, ഐ.ഒ സിയെ കുറ്റവിമുക്തമാക്കിയത് ക്രൂരത!!.

ചാല ദുരന്തത്തിൽ ഡ്രൈവർ ഐ.ഒ.സി പ്രതിയല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയ ഡി.വൈ.എസ്.പി സന്തോഷ് കുമാറിനേ ഈ കേസിൽ പ്രതിയാക്കണമെന്നാണു എന്റെ അഭിപ്രായം. അവിഹിതമായ സ്വാധീനത്തിനു വഴങ്ങുകയും ഐ.ഒ.സിയെ നിയമപരമായി വെള്ളപൂശാൻ അന്വേഷണത്തിൽ കൃത്രിമം നടത്തിയെന്നുമുള്ളതാണു അദ്ദേഹത്തിനെതരായ കുറ്റം. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളൊ, ബന്ധുക്കളോ ഈ കാലയളവിലോ, വരുന്ന നാളുകളിലോ അവിഹിതമായി പണം കൈപ്പറ്റുകയോ, സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. മുൻകാല പ്രാബല്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വിലയിരുത്തണം.
''2012 ആഗസ്ത് 27നായിരുന്നു സംഭവം. മംഗലാപുരത്തു നിന്ന് തലശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കര്‍ലോറി ചാല അമ്പലത്തിനുസമീപം ഡിവൈഡറില്‍ തട്ടിമറിഞ്ഞു തീപിടിക്കുകയായിരുന്നു. 20പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുപറ്റി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് ഒട്ടേറെ മരണവും നാശനഷ്ടവും ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ച ടാങ്കര്‍ ഡ്രൈവര്‍ കണ്ണയ്യനും കഴിവുറ്റ ഡ്രൈവറെ നിയമിക്കാത്തതിന് ടാങ്കര്‍ ഉടമ കണ്‍മണിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോധപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേസില്‍ പ്രതിയല്ല. ഗ്യാസ് കടത്താന്‍ പൂര്‍ണമായും സുരക്ഷിതമായ ടാങ്കറാണ് ഉപയോഗിച്ചത്. വാഹനത്തിന് യന്ത്രത്തകരാറോ പോരായ്മയോ ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പുണ്ടായ തകരാര്‍പോലും പരിഹരിച്ചിട്ടുണ്ട് -റിപ്പോര്‍ട്ടില്‍ പറയുന്നു.'' 


ദുരന്തത്തിൽ മരിച്ചവരുടെയും വെന്തു ജീവിക്കുന്നവർക്കും, കത്തിചാമ്പലായ ഒരു ഗ്രാമത്തിന്റെ മേലും ഈ അന്വേഷണ ഉദ്ദ്യോഗസ്ഥൻ വീണ്ടും അഗ്നിവർഷം നടത്തുകയാണു, പരിഹാസം ചൊരിയുകയാണു. ചാല ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ തന്നെ ഇദ്ദേഹത്തിന്റെ പഴുതടക്കൽ കാണാം. ടാങ്കർ ഉടമയെ പ്രതിയാക്കി. അതിനു പറഞ്ഞ കാരണം മികവുറ്റ ഡ്രൈവറെ നിയമിച്ചില്ല എന്ന കുറ്റമാണു. ഇത് അംഗീകരിക്കുന്നു. എന്നാൽ ടാങ്കർ ഉടമ ഇവിടെ പ്രതിയാകുന്നത് അദ്ദേഹത്തിന്റെ നിയമപരമായ ഒരു ഏജന്റ് നടത്തിയ കുറ്റകൃത്യത്തിലൂടെയാണു. നേരിട്ടോ മനസറിവോ ഇടപെടലോ ഒന്നും ഈ ദുരന്തത്തിൽ ടാങ്കർ ഉടമയ്ക്ക് ഇല്ല. മാത്രവുമല്ല, അദ്ദേഹത്തിനെതിരായ ഈ കുറ്റാരോപണം കേവലം അപേക്ഷികവും, സാഹചര്യ പരവുമാണു. ഈ ഡ്രൈവർ കഴിവില്ലാത്തവനാണെന്നും, ക്രിമിനലാണെന്നും, ടാങ്കർ ഓടിക്കാൻ ശേഷിയില്ലാത്തവനാണെന്നും മുമ്പൊന്നും റോഡ്, പോലീസ്, അധികാരികളോ മറ്റോ ഒരിടത്തും ടാങ്കർ ഉടമയെ അറിയിച്ചിട്ടില്ല.

നിയമപ്രകാരമുള്ള യോഗ്യതകളോടെ തന്നെയാണു ഡ്രൈവർ ടാങ്കർ ഓടിച്ചതും ഉടമ അദ്ദേഹത്തേ ആ പണി ഏൽപ്പിച്ചതുമെന്ന് മനസിലാക്കാം. എന്നിരുന്നാലും അപകടം നടന്ന സാഹചര്യത്തിൽ ഉടമ ഡൈവറുടെ മേലധികാരിയും മാസ്റ്ററും ആകയാൽ കുറ്റക്കരൻ തന്നെ. ഇത്തരത്തിലുള്ള ടാങ്കർ ഉടമ കേസിൽ പ്രതിയായാൽ അതേ രീതിയിൽ തന്നെ ഐ.ഒ.സിയും ഈ കേസിൽ 100%വും പ്രതി തന്നെയാണു. ടാങ്കർ ഉടമ എന്തേലും കുറ്റകൃത്യത്തിൽ ഏർപ്പെടുകയൊ ഐ.ഒ.സിയുമായുള്ള കരാർ ജോലിക്കിടയിൽ അത് പൊതുജനങ്ങൾക്ക് അതീവ ഗുരുതര ഹാനി ഉണ്ടാക്കുകയും ചെയ്താൽ ഐ.ഒ സി അതിനുത്തരവാദിയാണു.  ടാങ്കർ ഉടമ എങ്ങിനെ ഈ കേസിൽ പ്രതി സ്ഥാനത്തു വരുന്നുവോ അതേ കാരണം കൊണ്ടുതന്നെ ഐ.ഒ.സിയും ഈ കേസിൽ പ്രതിയാണു. ഡ്രൈവർ ചെയ്ത കുറ്റത്തിനു അദ്ദേഹത്തിന്റെ യജമാനൻ ഉത്തരവാദിയാണു. അതേപോലെതന്നെ ടാങ്കർ ഉടമ ചെയ്ത കുറ്റത്തിനു അദ്ദേഹത്തിന്റെ യജമാനനും, നിയമന അതോറിറ്റിയുമായ ഐ.ഒ.സി പൂർണ്ണമായും ഉത്തരവാദിയാണു. ഐ.ഒ.സിക്കുവേണ്ടിയാണിവിടെ ടാങ്കർ ഉടമയും ഡ്രൈവറും പ്രവർത്തിച്ചിരിക്കുന്നത്. മാത്രവുമല്ല ടാങ്കർ വാഹനത്തിനു യാതൊരു യന്ത്ര തകരാറും ഉള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതൊരു 100%വും പെട്ടെന്നുണ്ടായ അപകടമാണു. ടാങ്കർ, ഉടമയുടേതെങ്കിലും അതിനുള്ളിൽ അപകടത്തിനു ഇടയാക്കിയ ഗ്യാസ് ഐ.ഒ.സിയുടേതാണു. പൊതുജനങ്ങൾക്കും മറ്റും ഇത്തരം കേസുകളിൽ സംഭവങ്ങളിൽ ജോലിചെയ്യുന്ന പണിക്കാരുമായും കരാറുകാരനുമായും ഉള്ള കണക്ഷനും അവരുടെ ജാതകവും അന്വേഷിക്കലല്ല പണി. ആർക്ക് വേണ്ടി അവർ ജോലിചെയ്യുന്നുവോ അവരോടായിരിക്കും ചോദ്യങ്ങളും സംസാരങ്ങളും. ഇത്രയും വലിയ തീ ബോംബ് ഒരു കരാറുകാരനെ ഏൽപ്പിച്ച ശേഷം അയാൾക്ക് എന്തും ചെയ്യാം ഞങ്ങൾക്കൊന്നും അറിയില്ല എന്ന മട്ടിലുള്ള ഐ.ഒ.സിയുടെ നിലപാട് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇത് കൊള്ളക്കാർ മയക്കുമരുന്ന് കടത്തുവാൻ ആളുകളെ ഉപയോഗിക്കുന്ന പോലെയാണു. വഴിയിൽ പിടിക്കപ്പെട്ടാൽ കടത്തുകാരൻ പ്രതി, മാഫിയ തലയൂരും. മയക്കുമരുന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയാലോ മാഫിയ അതിന്റെ ഉടമയായി രംഗത്തും എത്തും. ഇതു പോലെ മാഫിയ ആകരുത് ഐ.ഒ.സി. ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം മുഴുവൻ ഐ.ഒ.സിക്കു തന്നെയാണു. ഡ്രൈവറും , ടാങ്കൾ ഉടമയും ഇത്തരം സാഹചര്യത്തിൽ വെറും കരാറുകാരും ജോലിക്കാരും മാത്രമാണു. അപകടത്തിരിനയാക്കിയ സാധനത്തിന്റെ യഥാർഥ ഉടമ ഐ.ഒ.സിയാണു. ഒന്നാലോചിക്കുക, ഇതേ ടാങ്കർ പോകുന്നവഴി അപകടത്തിനു പകരം ഗ്യാസുമായി കരാറുകാരനോ, ടാങ്കർ ഉടമയോ കടന്നുകളഞ്ഞാലോ, കുറേ ഗ്യാസ് നഷ്ടപ്പെടുത്തിയാലോ, ഗ്യാസ് ലീക് വന്നാലോ ഇത്തരം സന്ദർഭങ്ങളിൽ ഐ.ഒ.സി രഗത്തു ഉടനെത്തും, സ്വയം രക്ഷാകൃത്വം ഏറ്റെടുത്ത്. അതിനേക്കാൾ ഒക്കെ എത്രയോ വലിയ വിഷയമായിട്ടും ഈ ദുരന്തത്തിൽ നിന്നും തലയൂരാവാൻ ഐ.ഒ.സി നടത്തുന്ന ക്രൂരവും നിന്ദ്യവുമായ നീക്കം അപലനീയമാണു. ലളിതമായി പറഞ്ഞാൽ നമ്മുടെ റോഡിലൂടെ പോകുന്ന ഗ്യാസ്, എണ്ണ ടാങ്കറുകൾക്ക് തന്തയില്ലാത്ത സ്ഥിതി വരുത്തുകയാണു ഇതിലൂടെ ഐ.ഒ.സി. ഐ.ഒ സിയും കരാറുകാരുമായും ഇതിനൊക്കെ വിരുദ്ധമായി എന്തേലും കരാർ നിലവിൽ ഉണ്ടെങ്കിൽ തന്നെ നിയമപ്രകാരം നിലനിൽക്കുന്നതല്ലാത്ത ക്ലോസുകൾ ഉൾപ്പെട്ട അത്തരം കരാറുകൾ അസാധുവും ആണു.


ഐ.ഒ.സി ഇത്തരം വാദം ഉയർത്തി തലയൂരാൻ നടത്തുന്നതിനു പ്രധാനമായും 3 കാരണങ്ങൾ ഉണ്ട്.

1). ചാല ചദുരന്തത്തിൽ മരിച്ചവറുടെ ആശ്രിതർക്കും, നാശവും, പരിക്കുമുണ്ടായവർക്കും മതിയായ നഷ്ട പരിഹാരം കൊടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുക.

2). ഭാവിയിൽ ഇത്തരം സംഭവങ്ങളിൽ പ്രതികൂലമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വയ്ക്കാതിരിക്കുക.

3). ഇത്തരം സംഭവങ്ങളിൽ പൂർണ്ണ ഉത്തരവാദിത്വം ഇപ്പോഴും ഭാവിയിലും കരാറുക്കരുടെയും ഡ്രൈവർ മാരുടെയും തലയിൽ നിയമപരമായി തന്നെ കെട്ടിവയ്ക്കുക.

രാജ്യത്തേ ജനങ്ങൾക്ക് എണ്ണയും, ഗ്യാസും വിതരണം നൽകി കണക്കുപറഞ്ഞ് പണം വാങ്ങുകയും ചെയ്യുന്ന സ്ഥാപനമാണു ഐ.ഒ.സി. ചെറിയ നഷ്ടം വരുമ്പോൾ പോലും എണ്ണ വില കൂട്ടി വൻ ലാഭം ഉണ്ടാക്കുകയും ജനത്തേ ആകമാനം പിഴിയുകയും ചെയ്യുന്ന ഈ ബിസിനസിൽ ഇത്തരം റിസ്ക്കുകൾ വരുമ്പോൾ ഒഴിഞ്ഞുമാറുന്നത് മാന്യതയും നെറിയുമുള്ള ഒരു കച്ചവടക്കാരന്റെ ലക്ഷണമല്ല. ലാഭത്തോടോപ്പം റിസ്ക്കും ഏറ്റെടുക്കുന്ന നാട്ടിലേ ഒരു ശരാശരി കച്ചവടക്കാരന്റെ നിലവാരത്തിലേക്കെങ്കിലും ഈ സ്ഥാപനം കള്ളചൂത് നിർത്തി ഉയരണം. ഐ.ഒ.സിയെ വെള്ള പൂശി ക്രൈം ബ്രാഞ്ച് ഉണ്ടാക്കിയ അന്വേഷണം റിപ്പോർട്ടിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയിരിക്കുമല്ലോ?. വെന്തു മരിച്ചവരും, മരിച്ചു ജീവിക്കുന്നവരും , വെന്തു ചാമ്പാലായ ഈ ഗ്രാമത്തിനും സഹതപിക്കാം....മിടുക്കനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്റെ മികവിനും കഴിവിനും ഏറെ റിസ്ക് എടുത്ത് ഉണ്ടാക്കിവയ്ച്ച അദ്ദേഹത്തിന്റെ റിപ്പോർട്ടിനും മൂർദ്ധാബാദ്...