Search This Blog

Sunday, November 24, 2013

കസ്തൂരി രംഗൻ സമരം: ക്രിസ്ത്യാനികൾക്കും വിശ്വാസത്തിനും നേരെ സംഘടിതമായ അക്രമണം. ക്രിസ്ത്യൻ-ഹിന്ദു വിഭാഗീയതക്ക് നീക്കം നടത്തി.

''കസ്തൂരി രംഗൻ വിരുദ്ധ സമരത്തിനു ക്രിസ്തുവും  അൾത്താരയും, കുർബാനയും, തിരുവോസ്തിയും, മാർപ്പാപ്പയുമായും ഒക്കെയായി എന്ത് ബന്ധം?.''
കസ്തൂരി രംഗൻ സമരത്തിന്റെ പേരിൽ കേരളത്തിൽ വർഗീയ ധ്രുവീകരണം നടന്നു. ഹിന്ദു വർഗീയത ഈ സമരത്തിനു ഒരു കത്തോലിക്ക പരിവേഷം കൊടുക്കാൻ കാട്ടിയ അമിതാവേശം ഏറെ ശ്രദ്ധേയമാണു. ഈ സമരത്തിന്റെ പിന്നിൽഅണിനിരന്ന ജനവിഭാഗം മുഴുവൻ കുഞ്ഞാടുകൾ എന്ന പരിഹാസ നാമത്തിൽ ആക്ഷേപിക്കപ്പെട്ടു. ക്രിസ്ത്യൻ വൈദീകരെ മുഴുക്കെ അടച്ചാക്ഷേപിക്കുന്നതരത്തിൽ പ്രസ്ഥാവനകളും തെറിവിളിയും ഹിന്ദു മത വിഭാഗത്തിലെ  തീവ്രനിലപാടുകാരിൽ നിന്നും  ഉണ്ടായി. സമരത്തിൽ ഉൾപ്പെട്ട വൈദീകരോട് വിയോജിക്കാം,എന്നാൽ സംഭവിച്ചത് മുഴുവൻ  അങ്ങിനെയല്ലായിരുന്നു.  ഇന്റർനെറ്റിലും, സോഷ്യൽ മീഡിയ വഴിയും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ വണങ്ങുന്ന ബൈബിൾ, അൾത്താര, തിരുവോസ്തി, കുർബ്ബാന എന്നിവയെ പോലും കുറെപേർ വളരെ മോശമായി ചിത്രീകരിച്ചു. പോപ്പിനെതിരെയും വിമർശനം അഴിച്ചുവിട്ടു. സമരത്തിനു ഇറങ്ങിയ ജനങ്ങളെ അന്തിക്രിസ്ത്യാനികളെന്നും, ഇടയലേഖനം വായിച്ച് വൈദീകരെ ഗുണ്ടാ ഭാഷയിൽ കുർബാന ചെല്ലുന്നുവെന്നും വരെ വിളിച്ചു. ചുരുക്കത്തിൽ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ സംഘടിതമായ അക്രമം നടക്കുകയാണു. പള്ളികളെയും, വൈദീകരെയും പൊതുജനമധ്യത്തിൽ താറടിക്കാൻ സംഘടിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുയാണു. ക്രിസ്ത്യാനികളുടെ മതപരമായ അടിസ്ഥാന വിശ്വാസങ്ങൾക്ക് നേരെ കസ്തൂരി രംഗനെ മറയാക്കി വേട്ടയാടൽ നടക്കുകയാണു.  കത്തോലിക്കർക്കെതിരെ വിമർശനവും പരിഹാസ വർഷവും ഇപ്പോഴും  നടക്കുന്നു. പള്ളികൾ , വൈദീകർ, വിശുദ്ധമെന്ന് കൃസ്ത്യാനികൾ കരുതുന്ന സംവിധാനങ്ങൾ എന്നിവയെ വർഗീയതയും, മത വൈര്യവും നിറഞ്ഞ് വിധം തേജ്ജോവധം ചെയ്യുന്നതിനു പിന്നിൽ വർഗീയ വിദ്വേഷവും ഗൂഢലക്ഷ്യമുണ്ട്. ഒരു സമരത്തേ മറയാക്കി ഈ വിധം പ്രചരണം അഴിച്ചുവിട്ടത് ഒറ്റപ്പെട്ട ഒരു കാര്യമല്ല. നമ്മുടെ നാടും ചില കാര്യത്തിൽ പുരോഗമിക്കുന്നതിന്റെ സൂചനയാണു. മറ്റ് മത വിഭാഗത്തോടുള്ള കടുത്ത വിദ്വേഷവും അസഹിഷ്ണുതയും കുറെ മലയാളികളിൽ വളരുകയാണു. തനി തീവ്ര വർഗീയ വാദത്തിലേക്കുള്ള ചൂണ്ടുപലപകയാണു ക്രിസ്ത്യാനികൾക്കെതിരായുള്ള ഈ  നീക്കങ്ങൾ.  
 
ഈ സമരത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തിക്കാട്ടാൻ ചിലർ മുന്നിട്ടിറങ്ങി. കാട്ടുകൊള്ളക്കാരായും, പാറമടക്കാരായും, കഞ്ചാവ് കൃഷിക്കാരും കള്ളത്തടിവെട്ടുകാരുമൊക്കെയായി സമൂഹത്തിൽ വലിയ ഉന്നത നിലവാരത്തിൽ ഇരിക്കുന്നവർപോലും തുറന്നും ഒളിഞ്ഞും പറഞ്ഞു  .കുടിയേറ്റകർഷകരായ ക്രിസ്ത്യാനികളെ മുഴുവൻ കാട്ടുകൊള്ളക്കാരായും, വന നശീകരണക്കാരായും മുദ്രയടിച്ചു . പള്ളിക്കാർക്കും, ക്രിസ്ത്യാനികൾക്കും എതിരേ ചില വിഭാഗക്കാർ മനസിൽ സൂക്ഷിച്ച വൈര്യവും കനലുകളും തെളിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു.ഒരു ചെറിയ അവസരം ലഭിച്ചപ്പോൾ ഇത്രയും ശർദ്ദിച്ചവർ നിസാരക്കാരല്ല. ഈ വിമർശനങ്ങൾ ശ്രദ്ധിച്ചാൽ എല്ലാത്തിനും ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. ഹൈന്ദവ - ക്രിസ്ത്യൻ വർഗീയ ചേരിതിരിവായിരുന്നു ലക്ഷ്യം. വിമർശകരിൽ അധികവും നാളുകളായി ഈ ചേരിതിരിവിനു വളം നൽകുന്നവരായിരുന്നു എന്നതും ശ്രദ്ധേയമാണു. മുസ്ലീം, ക്രിസ്ത്യൻ വിഭാഗക്കാരിൽ നിന്നും ഈ സമരത്തിൽ പള്ളിക്കും വൈദീകർക്കുമെതിരെ വലിയ വിമർശനം ഉണ്ടായില്ല. കുഞ്ഞാടുകൾക്കും, പട്ടക്കാർക്കും, പള്ളിക്കുമെതിരായ കടുത്ത നിലപാടുകൾ കൂട്ടിവായിക്കുമ്പോൾ തീർച്ചയായും സംഘപരിവാറിന്റെ സ്വരവുമായി താരതമ്യം കാണുന്നു.എന്നാൽ സംഘപരിവാറുമായി ഇത്തരക്കാർക്ക് ബന്ധമുണ്ടാകണമെന്നുമില്ല. ആശയങ്ങൾ സ്വാധീനിക്കുന്നുവെന്നു മാത്രം .  ഏറെ വിദ്യാഭ്യാസവും അറിവുമുള്ള ആളുകൾ; ക്രിസ്ത്യാനികളെ ദഹിപ്പിക്കാൻ എന്ന മട്ടിലുള്ള വിമർശനത്തിന്റെ അമരത്തുകണ്ടു. മനുഷ്യൻ അറിവും വിദ്യാഭ്യാസവും കൂടുതൽ നേടുമ്പോൾ കൂടുതൽ കൂടുതൽ തന്റേതായാ മത ചിന്താഗതികളോട് തീവൃതീഷ്ണത പുലർത്തുകയാണു. വിദ്യാഭ്യാസം തീരെയില്ലാത്ത മലയാളികളെ അപേക്ഷിച്ച് വിദ്യാസമ്പന്നരും, ഉന്നത നിലവാരത്തിലുമുള്ള മലയാളികളിൽ വർഗ്ഗീയ ചിന്ത കൂടി വരികയാണു. ഉന്നത സ്ഥാനങ്ങളിൽ, ഓഫീസുകളിൽ, ഉന്നത പഠന രംഗത്ത് ഒക്കെ ഇത് ആഴത്തിൽ മലയാളികളിൽ പിടിമുറുക്കിക്കഴിഞ്ഞു. പഴയ കേരളത്തേ അപേക്ഷിച്ച് ഇന്നത്തേ കേരളത്തിൽ മത വൈര്യവും, വർഗീയതയും ആളുകളിൽ ഏറെയാണു. സ്വന്തം അടുത്ത സുഹൃത്തിനേ പോലും മാറിയിരുന്ന് വീക്ഷിക്കുന്നത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണു. വൈകൃതമായ ഈ മത വൈര്യവും, വർഗീയ ചിന്തയും പലരും മനസിൽ പൂഴ്ത്തിവക്കുന്നു. കനലുകൾ വ്യാജമായ വിവേകത്തിന്റെ മേലാപ്പിട്ട് ചാരത്തിൽ ഒളിപ്പിക്കുകയാണു. അവസരം ലഭിക്കുമ്പോൾ ഇതെല്ലാം ഇക്കൂട്ടർ തീയായി തങ്ങൾക്ക് വിരോധമുള്ളവരിലേക്ക് തുപ്പിതെറുപ്പിക്കുന്നു. ഇതുകൊണ്ടുകൂടിയാവണം കസ്തൂരി റിപ്പോർട്ട് സമരത്തിൽ  ക്രിസ്ത്യാനികളും, വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ ``കുഞ്ഞാടുകളും ഇടയന്മാരും `` വേട്ടയാടപ്പെട്ടത്. 

ഈ സമരത്തിൽ എല്ലാ വൈദീകരും ഇറങ്ങിയിട്ടില്ല. മഹാ ഭൂരിഭാഗം ബിഷപ്പുമാരും മൗനം പാലിച്ചു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ സമരത്തിൽ പങ്കെടുക്കാതെ മാറിനിന്നു. എന്നാൽ ഇതൊന്നും ക്രിസ്ത്യാനികളെ അടിക്കാൻ ഏറെകാലമായി വടിയും വെട്ടി കാത്തിരുന്നവർക്ക് വിഷയമല്ല. ക്രിസ്തുവും, കുർബാനയും, മുതൽ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട എല്ലാത്തിനേയും കസ്തൂരി സമരത്തിന്റെ പേരിൽ ചീത്തവിളിച്ചു. ചാരം മൂടിയ കനലുകൾ മത വൈരികളിൽനിന്നും പുറത്തുവരികയായിരുന്നു. കേരളത്തിലേ ഈ മനസ്ഥിതി അപകടകരമാണു. അത്യന്തം അപകടം നിറഞ്ഞ ചിന്താഗതികൾ കാത്തുസൂക്ഷിക്കുന്ന ഒട്ടനവധി ആളുകൾ ഉണ്ട്. എഴുത്തുകാരും ബുദ്ധിജീവികളും , മാധ്യമ പ്രവർത്തകർ വരെ ഇക്കൂട്ടത്തിൽ കേരളത്തിൽ സജീവമായി ഉണ്ടെന്ന് നിസംശയം പറയട്ടെ. ഈ സമൂഹത്തേ മുഴുവൻ ഒന്നു കശക്കിയെറിയാൻ കാത്തിരിക്കുന്ന ഇവരുടെ ചിന്തകളും മനസും വിഷലിപ്തവും ഭീകരവുമാണു. ഭീകരവാദികളിൽനിന്നും ഇത്തരക്കാരിലേക്കുള്ള ദൂരം ഏറെയൊന്നും അളക്കേണ്ടിവരില്ല. ഇവർക്ക് പിന്തുണയും നേതൃത്വവും ആരും നൽകാതിരിക്കട്ടെ.   
  

പള്ളീലച്ചന്മാർ തെരുവിലിറങ്ങിയതു പശ്ചിമഘട്ടത്തിലേ അവരുടെ പ്രദേശത്തേയും ജനങ്ങളെയും പുതിയ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കാനായിരുന്നു. അതിൽ എല്ലാ മതക്കാരുമുണ്ട്. കർഷകരിൽ കൂടുതലും ക്രിസ്ത്യാനികളായി പോയെന്ന കാരണത്താൽ ഇതിനു പിന്നിൽ കത്തോലിക്ക സഭയ്ക്കുള്ള കൂടുതൽ താല്പര്യം വ്യക്തവുമാണു. എന്നാൽ കസ്തൂരി റിപ്പോർട്ടിൽ നിന്നും ക്രിസ്ത്യാനികളെ മാത്രം ഒഴിവാക്കണമെന്ന് ഒരിടത്തും മുദ്രാവാക്യം ഉയർന്നിട്ടില്ല. ക്രിസ്ത്യാനി ഐക്യം സിന്ദാബാദ് എന്നും മുഴങ്ങിയിട്ടില്ല. ക്രിസ്തു മതത്തിൽ ആളേ ചേറ്ക്കുവാനുള്ള റാലികളും അല്ലായിരുന്നു. സമരത്തിൽ ഒരിടത്തും വർഗീയ ചേരിതിരിവും, മറ്റ് മതക്കാരെ മാറ്റി നിർത്തലും ഉണ്ടായിട്ടില്ല. മറ്റ് മത വിഭാഗക്കാരെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. മത വൈര്യമുണ്ടാക്കുന്ന ഒരു മുദ്രാവാക്യവും വിളിച്ചില്ല. ഇതിൽ ഒരു പൊതു വിഷയം തീർച്ചയായും ഉൾപ്പെട്ടിട്ടുണ്ട്.  വിമർശിക്കുന്നവർ അവർ നടത്തുന്ന സമരത്തിനെതിരെയായിരുന്നു  വിമർശനം നടത്തേണ്ടിയിരുന്നത്. അവരെടെ നിലപാടുകളെയായിരുന്നു വിമർശിക്കേണ്ടിയിരുന്നത്. ഇതൊന്നുമല്ലല്ലോ നടന്നത്.  വിമർശിച്ചവരുടെ ഉള്ളിലിരുപ്പ് സമരമൊന്നുമല്ലല്ലോ, വർഗ്ഗീയ ചേരിതിരിക്കലായിരുന്നല്ലോ .    ക്രിസ്ത്യാനികളെയും , അവരുടെ പള്ളിയെയും എങ്ങിനെ തെറിവിളിക്കാമെന്നാണു വർഗീയ വാദികൾ അസഹിഷ്ണുതയോടെ പ്രകടമാക്കിയത് . 
ഈ സമരത്തിൽ ബന്ധപ്പെട്ട പ്രദേശത്തേ എല്ലാ ജാതി മത വിഭാഗക്കാരുമുണ്ട്. എന്നിട്ടും ക്രിസ്ത്യാനികൾക്കെതിരെ മാത്രം ടാറ്ജറ്റ് ചെയ്തായിരുന്നു വെടി. മുസ്ലീം ലീഗും അവരുടെ സമുദായവും ഈ സമരത്തിൽ കർഷകർക്കനുകൂലമായ നിലപാടും എന്നാൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പിള്ളി എതിരായ നിലപാടു സ്വീകരിച്ചതും ശ്രദ്ധേയമാണു. വിമർശകർ സമരം ശക്തമായി നിലനിൽക്കുന്ന പ്രദേശത്തേക്ക് എത്തി സർവ്വ ജന, മത രാഷ്ട്രീയ പിന്തുണ മനസിലാക്കേണ്ടതാണു. മുഴുവനാളുകളും ചേർന്ന് ചില പ്രദേശങ്ങളിൽ നടത്തിവരുന്ന ഒരു പരിപാടിയിൽനിന്നും ക്രിസ്ത്യാനികളെ മാത്രം പെറുക്കിത്തിരിഞ്ഞെടുത്ത് കല്ലെറിയുകയും കുഞ്ഞാടുകളുടെയും ഇടയൻ മാരുടെയും രക്തത്തിനു മുറവിളികൂട്ടുകയും ചെയ്യുന്നതിനു പിന്നിലെ  മത ഭ്രാന്ത് കേരളത്തിന്റെ മതേതര മുഖം കാണാതെ പോകരുത്. ഇതൊന്നും ആരും പറയാൻ ആഗ്രഹിക്കില്ല. എഴുത്തും, പ്രസംഗവും തൊഴിലാക്കിയവർ പലരും വിധേയന്മാരായ അളുകളാണു. പലർക്കും വിധേയരായി ഒന്നും മിണ്ടാതെയിരിക്കാനാണിവർക്കിഷ്ടം.  
  
ബിഷപ്പുമാർ രൂക്ഷമായ വിധം പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ അവരുടെ  പ്രസ്താവന നാട്ടിൽ മത വൈര്യത്തിനും വർഗ്ഗീയതയ്ക്കും വളം വയ്ക്കുന്നതായിരുന്നില്ല. ഉന്നയിക്കുന്ന വിഷയത്തിൽ തീവ്ര നിലപാടുകളെടുത്തു. ഇതിനേ അതേ നാണയത്തിൽ വിമർശിക്കുന്നതാണു ഉചിതം. അല്ലാതെ ചിത്രത്തിലും വിഷയത്തിലുമില്ലാത്ത `കുരിശുമുതൽ മാർപ്പാപയെ വരെ`  കാര്യങ്ങൾ വിമർശിക്കാൻ കൂട്ടുപിടിക്കരുത്. ബിഷപ്പുമാർ നിയമവിരുദ്ധമായി എന്തെങ്കിലും പറഞ്ഞാൽ നിലവിലേ നിയമം അനുശാസിക്കുന്ന വിധം ഇവരെ നടപടിക്ക് വിധേയമാക്കണം. ആ എതിർപ്പ് നിലനിർത്തിക്കൊണ്ടുതന്നെയാണിതെഴുതുന്നത്.  ആരുടെയും വക്കാലത്ത് ഏറ്റെടുത്ത് എഴുതുന്നതല്ലിത്. നടക്കുന്ന കാര്യം തുറന്ന് പറയുന്നതാണു . 

No comments:

Post a Comment