Search This Blog

Monday, January 6, 2014

ജനങ്ങൾ നടത്തുന്ന അഴിമതി

ബി.പി.എൽ ലിസ്റ്റ് വിപുല‍ീകരിക്കുമെന്നും അർഹതയുള്ളവർക്കെല്ലാം ബി.പി.എൽ കാർഡുനല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഇതിനോടൊപ്പം ഈ ലിസ്റ്റിൽ നിലവിലുള്ള ലക്ഷക്കണക്കിനായ അനർഹരെ എന്തുചെയ്യും എന്നുകൂടിപറയണമായിരുന്നു. അർഹരായവരെ പരിഗണിക്കുന്നതുപോലെ നീതിപൂർവ്വമുള്ള പ്രവർത്തിയാണ്‌ അനർഹരായവരെ ഇതിൽ നിന്നും പുറത്തുകളയലും. സർക്കാരിന്റെ വിവിധ പദ്ധതികൾക്കും നാട്ടിലേ ഓരോ വ്യക്തിക്കും പ്രയോജനം ലഭിക്കേണ്ടുന്നതുമായ പണമാണു ഇത്തരം സൗജന്യങ്ങളിലൂടെ ഒരു വ്യക്തിക്കു മാത്രമായി ചിലവിടുന്നത്. അനർഹനായ ഒരു വ്യക്തി വ്യാജമായി ഇതു തട്ടിയെടുക്കുന്നത് രാജ്യത്തോടും ഓരോ പൗരനോടുമുള്ള തെറ്റും രാജ്യദ്രോഹവുമാണ്‌. വിദേശ രാജ്യങ്ങളിൽ ഇത്തരം സോഷ്യൽ വെൽ ഫയർ വ്യാജമായി കൈപറ്റിയത് പിടികൂടിയാൽ കൈപറ്റിയ ആനുകൂല്യം മുഴുവൻ കണക്കുകൂട്ടി തിരിച്ചുപിടിക്കുകയോ ജയിലിൽ വിടുകയോ ചെയ്യാറുണ്ട്. നമ്മുടെ നാട്ടിൽ സോഷ്യൽ വെല്ഫയറും, സബ്സിഡിയും അനധികൃതമായി കട്ടും മോഷ്ടിച്ചും, കബളിപ്പിച്ചും നുണപറഞ്ഞും തട്ടിയെടുക്കുന്ന പൗരന്മാർ ലക്ഷക്കണകിനാളുകൾ ഉണ്ട്. ഒരിടത്തും ഇത്തരക്കാരെ കണ്ടുപിടിച്ച് പുറത്താക്കുകയും ജയിലിൽ വിടുകയും ചെയ്യുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തിൽ അവരുടെ സജീവ പ്രവർത്തകരും, വോട്ടുബാങ്കുകളും, അനുയായികളുമാണ്‌ ഇത്തരം രാജ്യദ്രോഹികളായി സർക്കാർ പണം കൊള്ള നടത്തുന്നത്. അഴിമതി മുച്ചൂടും ബാധിച്ച ഇന്ത്യയിൽ താഴെക്കിടയിലുള്ള ജനങ്ങൾ നടത്തുന്ന അഴിമതിയാണിത്. ഉന്നത സംവിധാനം മുതൽ ഇന്ത്യയിൽ ബാധിച്ചിരിക്കുന്ന അഴിമതിയിൽ സാധാരണക്കാരൻ ഇപ്രകാരം കണ്ണികളാവുകയാണ്‌. കോടിക്കണക്കിനു ഇത്തരം പൗരന്മാരുടെ അഴിമതിതുകകൾ കൂട്ടിയാൽ കോർപ്പറേറ്റ് അഴിമതിക്കുപോലും തുല്യമായി ഈ തുക ഒരുപക്ഷേ ഉണ്ടാകും. ജനങ്ങൾപോലും കൂട്ടമായി കൊള്ളയും കള്ളത്തരവും നടത്തുന്ന ഈ രാജ്യം പിന്നെ എങ്ങിനെ നന്നാകും?.

ബി.പി.എൽ ലിസ്റ്റിൽ കയറാനും, സബ്സിഡി വാങ്ങിക്കാനും, പാവപ്പെട്ടവൻ ആകാനും നമ്മുടെ രാജ്യത്ത് ജനം മൽസരിക്കുകയാണ്‌. അതേ സമയം മക്കളുടെ വിവാഹം നടത്താനും വീടുകൾ നിർമ്മിക്കാനും, ജീവിത സൗകര്യങ്ങൾക്ക് മൽസരിക്കാനും ഇതേ ജനം പണക്കാരന്റെ വേഷം കെട്ടിനില്ക്കുകയും ചെയ്യുന്നു. ഒരേയാൾ തന്നെ ഈ വിരുദ്ധാഭാസങ്ങൾ കാട്ടുന്നത് നീതീകരിക്കാൻ എങ്ങിനെ സാധിക്കും?!!. ഓരോ സർക്കാർ അധികാരത്തിൽ കേരളത്തിൽ വരുമ്പോഴും തങ്ങളുടെ ആളുകളെ ബി.പി.എൽ ലിസ്റ്റിൽ കുത്തികയറ്റുന്നു. പ്രതിപക്ഷത്തുള്ളവർ വരുമ്പോൾ അവരും ഇതു തന്നെ ചെയ്യുന്നു. ഇവർക്കൊക്കെ ഇഷ്ടം പോലെ തേന്നുന്നവർക്ക് രാജ്യത്തിന്റെ പണം സൗജന്ന്യമായി നല്കാമല്ലോ, സ്വന്തം കുടുംബ വരുമാനമൊന്നുമല്ലല്ലോ? തികയുന്നില്ലെങ്കിൽ സർവ്വീസുകളുടെ പണവും, നികുതി പണവും ഉയർത്തി പിന്നെയും പിരിച്ചാൽ മതിയല്ലോ? വികസനവും, പദ്ധതികളും വെട്ടിചുരുക്കിയാൽ മതിയല്ലോ? മൊത്തം ജനസമൂഹത്തേ വിലകയറ്റത്തിലും വറുതിയിലേക്കും തള്ളിവിട്ടാൽ മതിയല്ലോ? 

നാട്ടിൽ നല്ല നിലയിൽ കഴിയുന്നവരും, വിദേശത്തു ജോലിയുള്ളവരും, ലക്ഷങ്ങൾ വരുമാനം ഉള്ളവരും റിയൽ എസ്റ്റേറ്റുകാരും, പല വില്ലേജ്ജുകളിലായി കൂടുതൽ ഭൂമിയും വരുമാനവും ഉള്ളവരുമൊക്കെ ബി.പി.എൽ ലിസ്റ്റിലുണ്ട്. ദിവസം 600മുതൽ 1000ത്തിനുമുകളിൽ വരുമാനം വാങ്ങിക്കുന്ന തൊഴിലാളികൾ എല്ലാം ഇതിലുണ്ട്. ഉന്നത വരുമാനമുള്ള മക്കൾ ചിലവു നടത്തുന്ന വീടുകളിലേ മാതാപിതാക്കൾ വരെ ഇതിൽ നുഴഞ്ഞുകയറിയിരിക്കുന്നു. നിവർന്നുനില്ക്കാനും, സ്വന്തമായി ജീവിക്കാനും ശേഷിയില്ലാത്ത ദരിദ്രനേ താങ്ങിനിർത്താൻ രൂപം കൊടുത്ത പദ്ധതികളിൽ നുഴഞ്ഞുകയറിയ ഇത്തരക്കാരേ എന്തു ചെയ്യണം? അഴിമതിയും കൊള്ളയും കള്ളത്തരവും ജനകീയവല്ക്കരിച്ചു. ഈ ജനം തന്നെയാണ്‌ മറ്റഴിമതിയും ഇല്ലാതാക്കാൻ സമരവും പ്രസ്ഥാനവുമായി ഇറങ്ങുന്നത്. നമ്മുടേ ജീവിതരീതി മാറണം, സത്യസന്ധ രാജ്യത്തോട് കാണിക്കണം, എങ്ങിനേയും പൊതുപണവും, സൗകര്യവും കൈക്കലാക്കാമെന്ന ഒരുകൂട്ടം ജനങ്ങളുടെ ചിന്താരീതിയും, ജീവിതശൈലിയും അടിമുടി മാറണം, അഴിമതി നിരോധന നിയമങ്ങൾ ജനങ്ങൾക്കുകൂടി ബാധകമാക്കണം.