Search This Blog

Wednesday, April 29, 2015

വിടരും മുമ്പേകൊഴിഞ്ഞ പുഷ്പമേ..കണ്ണീരോടെ വിട!!.





ഡോക്ടര്‍ ദീപക് കെ.തോമസ്….എന്റെ കുടുംബ സുഹൃത്തുക്കളായ ദീപകിന്റെ പിതാവ് തോമസ് കളപ്പുരയും, അമ്മ മോളിയും ക്ഷമിക്കണം. ഇനി ആ പേര്‍ മരിച്ചവരുടെ ഓര്‍മ്മകളിലേക്ക് എഴുതപ്പെടും. വിടരും മുമ്പേ പൊഴിഞ്ഞ പുഷ്പമേ…ഭൂകമ്പത്തില്‍ കാഠ്മഢുവിലേ 10 നില ഹോട്ടലിന്റെ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇടിഞ്ഞുതകര്‍ന്ന് ശരീരത്ത് പതിച്ചപ്പോള്‍ രക്തവും ജീവനും ചിന്നി തെറിച്ച നിന്റെ മുഖം ഓര്‍മ്മിക്കാനേ ആവുന്നില്ല. നിരവധി മനുഷ്യരേ രോഗത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്റെ കരങ്ങള്‍ പ്രകൃതി നിശ്ചലമാക്കി. എല്ലാ പ്രാര്‍ഥനകളും നിരര്‍ഥകമാകുന്ന ദൈവത്തിനും മുകളിലുള്ള പ്രകൃതിയുടെ താണ്ഡവം. ഇത്രമാത്രം വ്യസനത്തോടെ സമീപകാലത്തെങ്ങും ഒരു കുറിപ്പും എഴുതേണ്ടിവന്നിട്ടില്ല.


ദീപക് തോമസ് ഓര്‍മ്മയില്‍ ഇപ്പോള്‍ ഇടിവാളുപോലെ പതിക്കുകയാണ്. എന്റെ ആത്മമിത്രത്തിന്റെ പുത്ര ദു:ഖം എന്റെകൂടി പിതൃ ദു:ഖമാണ്‌. ആത്മ സുഹൃത്തിന്റെ മകൻ മാത്രമല്ല ദീപക്, ആത്മ സുഹൃത്തിന്റെ മകനും എന്റെ ആത്മ സുഹൃത്തായിരുന്നു. മരണത്തിന്റെ ചിറകിലേറാന്‍ ഈ ചെറുപ്പക്കാരന്‍ നേപ്പാള്‍ വരെ പോയി. ലോകത്തിലെ ആയിരക്കണക്കിനു കണ്ണഞ്ചിപ്പിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിട്ടും അവര്‍ വണ്ടി കയറിയത് കാഠ്മണ്ഡുവിലേക്കുതന്നെയായിരുന്നു. വരാനിരിക്കുന്ന നാശത്തിലേക്ക് ടിക്കറ്റെടുത്തുള്ള യാത്ര. ഭൂകമ്പവുമായി പറഞ്ഞുറപ്പിച്ചതുപോലെ ഒരു പ്രീ പ്ലാന്‍. ഭൂകമ്പവും, ഈ കുട്ടി ഡോക്ടര്‍മാരുടെ സംഘവും കാഠ്മണ്ഡുവില്‍ വയ്ച്ച് സന്ധിക്കാന്‍ പോയതുപോലെ. ഭൂകമ്പത്തിനു അതിന്റെ വരവ് മാറ്റാനും ഒഴിവാക്കാനും ആകില്ല. അതിനേ ആര്‍ക്കും തടയാനും ആകില്ല. അത് പ്രകൃതിയും അതിന്റെ സന്താനവുമാണ്. അത് തീരുമാനിച്ച പ്രകാരം നടക്കുക തന്നെചെയ്യും. ഒഴിവാക്കാനും മുന്‍ കൂട്ടി കാണാനും ഇനിയും ലോകം വളര്‍ന്നിട്ടില്ല. ഭൂകമ്പത്തിനു മുന്നില്‍ പൂജ്യമാണ് ലോകത്തിലേ ശാസ്ത്രവളര്‍ച്ച. എന്നാല്‍ ദീപകിന്റെ നേതൃത്വത്തില്‍ ഉള്ള കുട്ടി ഡോക്ടര്‍മാരുടെ സംഘത്തിനു തീച്ചയായും യാത്ര മറ്റെവിടേക്കെങ്കിലും ആക്കാമായിരുന്നു. മറ്റേതേലും സ്ഥലം തിരഞ്ഞെടുക്കാമായിരുന്നു. നല്ലൊരു അസുഖം വന്ന് യാത്രയുടെ തലേന്ന് കിടപ്പിലായി പോയാല്‍ ഈ യാത്ര ഒഴിവാക്കാമായിരുന്നു.
deepak-irashad_1074x175
സ്‌നേഹ സമ്പന്നനായ ദീപകിന്റെ പിതാവ് തോമസിന്റേയും അമ്മ മോളിയുടെയും ഒറ്റ ഉടക്കില്‍ വേണേല്‍ ഈ യാത്ര പൊളിക്കാമായിരുന്നു. കാഠ്മണ്ഡുവിലേക്ക് ആ ദിവസം ടിക്കറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ഒഴിവാകുമായിരുന്നു…അങ്ങിനെ അനേകായിരം, ലക്ഷകണക്കിനു നിമിത്തങ്ങള്‍ ഈ യാത്രമുടക്കാനും, ദീപകിന്റേ ജീവന്‍ രക്ഷിക്കാനും ഉണ്ടായിരുന്നു. അതിലൊരു നിമിത്തം പോലും നിര്‍ഭാഗ്യവശാല്‍ ദീപകിന്റേയും ഇര്‍ഷാദിന്റേയും തുണയ്ക്ക് വന്നില്ല. ഈ മരണവും ദുരന്തവും ഒഴിവാക്കാന്‍ ലക്ഷകണക്കിനു കാരണങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വകഞ്ഞുമാറ്റി മരണത്തിന്റെ കൂട്ടുകാരായി ജീവനുമീതേ മരണത്തേ പുല്‍കാന്‍ അവര്‍ നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് തിരക്കിട്ടും അതിവേഗവും കുതിക്കുകയായിരുന്നു.


എ.എസ്. ഇർഷാദ്
എ.എസ്. ഇർഷാദ്

ദീപകിന്റെ പിതാവ് തോമസ് കളപ്പുര ഒരു പുരോഗമന ചിന്താഗതിക്കാരനാണ്. ഫെയര്‍ ട്രേഡ് ബിസിനസുമായി സ്വദേശത്തും വിദേശത്തും വിശാലമായ സൗഹൃദം ഉള്ളയാള്‍. പ്രകൃതിയേയും അതിന്റെ നാടന്‍ ശീലങ്ങളേയും മതിമറന്ന് സ്‌നേഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ ദുരന്തത്തേ പ്രകൃതിപരമായി നോക്കികാണണം. ഉള്‍ക്കൊള്ളണം. മകനേ ഒരിക്കിലും അദ്ദേഹം എതിര്‍ത്തു കണ്ടിട്ടില്ല. ദീപക് എന്ന കുട്ടിയും യുവാവും ഒരിക്കലും അപ്പനെ വെറുപ്പിച്ചും കണ്ടിട്ടില്ല. അപ്പനും അമ്മയും ഒരിക്കല്‍ പോലും ദീപകിനേ ചെറുപ്പകാലത്തുപോലും തല്ലി നോവിച്ചിട്ടില്ല. അപ്പന്റെ മുഖത്തേ ഭാവങ്ങളും, നോട്ടത്തിലേ പ്രത്യേകതകളും വായിച്ചെടുത്ത് ജീവിതം ചിട്ടപ്പെടുത്തിയ ശാന്തനായ കുട്ടി ഡോക്ടറായിരുന്നു ദീപക്. അതുകൊണ്ട് തന്നെ മകനുണ്ടായ വേദനകളും, മരണത്തിനു മുന്‍പ് അനുഭവിച്ച യാതനകളും ഈ പിതാവിനു മറക്കാന്‍ കരുത്തു നല്കട്ടെ. വിടപറഞ്ഞ് പോയ ആ രക്തപുഷ്പത്തേ ഇനി ഓര്‍മ്മകളിലൂടെ മാറോട് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കട്ടെ.

ഒരു തരത്തിലുമുള്ള നിയന്ത്രണം ഒരു സമയത്തും ഏക മകന്‍ ദീപകിനു ഏര്‍പ്പെടുത്താത്ത അപ്പന്‍. നിയന്ത്രണം ഒന്നുമില്ലാതെ വഴികളിലേ കുഴികളിലൊന്നും വീഴാതെ വളര്‍ന്ന കുട്ടി ഡോക്ടറും. ഇനി ഈ പിതാവ് ചെയ്യേണ്ടത് എല്ലാം നിയന്ത്രിക്കണം. ഇതുവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതെല്ലാം. മകന്റെ ഓര്‍മ്മകളില്‍, സ്വയം തകരാതെ ആ പിതാവിനു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ. എപ്പോഴും തലച്ചോര്‍ തുളച്ചും നെഞ്ചിന്റെ കൂടുതകര്‍ത്തും അകത്തു കടന്നുകയറുന്ന ദാരുണമായ മകന്റെ ഓര്‍മ്മകളില്‍നിന്നും മുക്തിയുണ്ടാകട്ടെ. മകനേയും അവന്റെ യാത്രകളേയും, ജീവിത വഴിയേയും നിയന്ത്രിക്കാതിരുന്ന തോമസ് കളപ്പുരയ്ക്ക് ഇനി മകനെ നിയന്ത്രിക്കാന്‍ സാധിക്കണം. ആ രക്തപുഷപത്തേ നോവും നീറ്റലുമില്ലാതെ ശാന്തമായി ഇനിയുള്ള കാലം നോക്കികാണാന്‍ കഴിയട്ടെ.
doctors

കണ്ണൂര്‍ ജില്ലയിലേ കണിച്ചാറിലേ ദീപക് തോമസ് ഡോക്ടറാകും മുമ്പേ കുട്ടിക്കാലം മുതല്‍ അനുജനായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ പിതാവ് തോമസ് കളപ്പുരയുമായി എന്നു സൗഹൃദം തുടങ്ങിയോ അന്നുമുതല്‍ ദീപകും സുഹൃത്തായി. ഞങ്ങള്‍ 7 വര്‍ഷത്തോളം നടത്തിയ പല യാത്രകള്‍, പ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനും ഈ ബാലനും മിക്കവാറും ഒരു നിഴല്‍ പോലെയുണ്ടാകും കൂടെ. അപ്പന്‍ എവിടെ പോകുന്നുവോ..അവിടെയെല്ലാം അപ്പനെ അനുകരിക്കുന്ന കുട്ടി. ദീപകിന്റെ വീട്ടില്‍ മിക്കവാറും 1995 2016 കാലഘട്ടത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഞാന്‍. വീട്ടിലേ ആ സദസില്‍ രാഷ്ട്രീയക്കാരും, പൊതുപ്രവര്‍ത്തകരും, പത്ര പ്രവര്‍ത്തകരും ഒക്കെയുണ്ടാകും. ഞങ്ങളുടെ കമ്പിനി കൂടല്‍ ഈ വീട്ടില്‍ ആയിരുന്നു. മുതിര്‍ന്നവരുടെ കമ്പിനി ആണേലും പലപ്പോഴും എല്ലാം സജ്ജീകരിക്കുന്നത് ദീപക് ആയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള ഘടകം അദ്ധ്യക്ഷനുമാണ് ദീപകിന്റെ പിതാവ് തോമസ് കളപ്പുര.
ദീപക് ഡോക്ടര്‍ ആയതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. അന്നത്തേ ദീപകിന്റെ കുടുംബത്തിന്റെ അവസ്ഥ ദരിദ്രപൂര്‍ണ്ണമായിരുന്നു. വീടും കൃഷിഭൂമിയും കടങ്ങള്‍ മൂലം കേളകത്തേ ഫെഡറല്‍ ബാങ്കിലും, സഹകരണ ബാങ്കിലും ജപ്തിയില്‍ ആയിരുന്നു. അവരുടെ വക്കീലും ഞാന്‍ ആയിരുന്നു. കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ ഓരോ പ്രാവശ്യവും കോടതിയില്‍ ഹാജരായി ജപ്തി നടപടികള്‍ നീട്ടികൊണ്ട് പോകും.

അപ്പന്‍ തോമസിനു മകനേ ഡോക്ടറാക്കാന്‍ കാല്‍ കാശിനു വകയില്ലായിരുന്നു. അതായത് ദീപക് തന്നെ സ്വപ്രയത്‌നത്തില്‍ പഠിച്ച് എന്‍ട്രന്‍സ് പാസായി. ഒരു ടൂഷനു പോലും വിടാനു അവസ്ഥയിലായിരുന്നില്ല ഈ കുടുംബം. ഒടുവില്‍ എം.ബി.ബി.എസ് നേടി പ്രാക്ടീസും തുടങ്ങി. ഇപ്പോള്‍ പി.ജി ക്ക് സെലക്ഷന്‍ ലഭിച്ചു. പി.ജിക്ക് സെലക്ഷന്‍ കിട്ടിയ ദീപകും, ഇര്‍ഷാദും അഭിനും ക്ലാസുകള്‍ തുടങ്ങാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു നേപ്പാള്‍ ടൂര്‍ നടത്തിയത്. പി.ജി തുടങ്ങും മുമ്പ് ഒരു പിക്‌നിക്. ഈ പിക്‌നികില്‍ ദീപകിനേയും ഇര്‍ഷാദിനേയും ഭൂകമ്പം തട്ടിയെടുത്തു. അഭിന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
http://www.pravasishabdam.com/missing-doctors-ied-in-nepal-deepak-and-irshad/

No comments:

Post a Comment