Search This Blog

Tuesday, May 12, 2015

നമുക്കെന്തിനാ മാവോവാദം? ഇതു ചൈനപോലും ചവിട്ടികൂട്ടിയ ഇസം.


മാവോ വാദികളേ ഹൃദയത്തിൽ കയറ്റി പൂജിക്കുന്ന ചെറുപ്പക്കാരോടും, സൈബർ പ്രവർത്തകരോടും തുറന്നു പറയാം. ഈ മാവോയിസമെന്നാൽ ഒരു കൂതറ ഇസമാണ്‌. വല്ല നിവർത്തിയുമെണ്ടെങ്കിൽ നാടുനന്നാക്കാൻ ഇത്തരം ചൂടൻ ഇസങ്ങൾ തലച്ചോറിൽ നിന്നും മാറ്റി വേറെ വല്ല മാർഗ്ഗവും തേടുക. അല്ലെങ്കിൽ അത് നിങ്ങളേയും കൊണ്ടേ പോകൂ…മാവോയിസം ലോകത്ത് നശിച്ചുപോയപോലെ നിങ്ങളും ഇല്ലാതാകും. നിലവിലേ സാമൂഹ്യക്രമത്തിലും സംവിധാനത്തിലും അതൃപ്തരായ കൂറെ ആളുകളുടെ നിലമറന്ന വിഭ്രാന്തികളാണ്‌ മാവോവാദ പ്രവർത്തനം. ഗറില്ലാ യുദ്ധം നടത്തുക, പതിയിരുന്ന് ചതിപ്രയോഗങ്ങൾ നടത്തുക, കാട്ടിൽ കയറി പാത്തിരുന്ന് ധീരതയെന്ന ഭീരുത്വം കാട്ടുക അതൊക്കെയാണ്‌ ഫേസ്ബുക്കിൽ മ്യാവോയിസമെന്ന് ചെല്ലപേരിട്ടിരിക്കുന്ന ഇന്ത്യൻ മാവോയിസം. മാവോവാദികളേ നിങ്ങൾ എന്തിനു കാട്ടിൽ കഴിയുന്നു?. ഇന്ത്യയിലേ ജനകോടികളേ രക്ഷിക്കാന്നാണേൽ വരിക പുറത്ത്. ധീരതയോടെ ജനനായകരാവുക..സമരങ്ങൾ പകൽ വെളിച്ചത്തിൽ, സ്വാതന്ത്ര്യത്തിന്റെ ഇടിവാളുകൾ മിന്നിക്കുന്ന മാധ്യമ കണ്ണുകൾക്ക് മുന്നിൽ നിന്നും നെഞ്ചുവിരിച്ച് നയിക്കുക. പൊത്തിൽ കയറിയിരുന്ന് പാത്ത് നടത്താനുതല്ല വിപ്ലവം. കാട്ടിൽ നിന്നും നാട്ടിലിറങ്ങി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ജനങ്ങളെ അനീതിക്കെതിരെ നയിക്കുക. വ്യവസ്ഥിതിയുടെ തെറ്റുകൾ തിരുത്തുക. അലാതെ എതിർക്കുന്നവരെ തല്ലിക്കൊന്നും, കശാപ്പുചെയ്തും, ഇല്ലാതാക്കിയും തങ്ങളെ അനുകൂലിക്കുന്നവരുടെ മാത്രം ഒരു ലോക ക്രമത്തിനായും സ്വപ്നം കാണരുത്. ഉണർന്നിരുന്ന് കാണുന്ന ഇത്തരം പകൽ സ്വപ്നങ്ങൾ നിങ്ങളെ അവശേഷിക്കുന്ന ചരിത്രത്തിൽനിന്നുകൂടി തുടച്ചെറിയാനിടവരുത്തും. ജനാധിപത്യവും, തിരഞ്ഞെടുപ്പും, കക്ഷിരാഷ്ട്രീയവും, മനുഷ്യന്റെ മൗലീകാവകാശവും അനുവദിക്കാത്ത കാടൻ മാവോ സേതൂങ്ങ് ചിന്തകളേ പ്രണയിക്കുന്നവരാണ്‌ മാവോയിസ്റ്റുകൾ.നിങ്ങളേ സമരക്കാർ എന്നു വിളിച്ചാൽ സമരം എന്ന ജനാധിപത്യത്തിലേ നിധിപോലുള്ള വാക്കിനുപോലും അപമാനകരമാകും.
അറസ്റ്റിലായ രൂപേഷിന്റെ മകൾ ആമിയോട് മാധ്യമങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അച്ചൻ രൂപ്പേഷ് ഇറങ്ങി പ്രവർത്തിക്കണോ അതോ ഇങ്ങിനെപോയാൽ മതിയോ എന്നു ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്‌. ”രൂപേഷും ഷൈനയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരണ്ട, ഇങ്ങിനെ പോയാൽ മതി, പർലിമെന്ററി ജനാധിപത്യം ജനങ്ങൾക്കൊപ്പം നില്ക്കുന്നില്ല- എന്നാണ്‌ ആ കുട്ടി പറഞ്ഞത്. ഇവിടെ ശിശുമരണം, പട്ടിണിമരണം എന്നിവ തുടരുന്നു. ഇതൊക്കെ നടക്കുമ്പോൾ അച്ചനും അമ്മയ്ക്കും ഇത്തരത്തിൽ പ്രവർത്തിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും ഈ കുട്ടി പറയുന്നു”. പട്ടിണിമരണവും, അഴിമതിയും ഒക്കെ നാട്ടിൽ നടമാടുമ്പോൾ കാട്ടിൽ കേറി പാത്തിരിക്കുന്നതും ആരുമില്ലാത്ത തക്കം നോക്കി കെ.എഫ്.സി.കോഴിക്കടയും, പാറമടകളുടെ ഓഫീസും തകർത്ത് കൈത്തരിപ്പ് തീത്താൽ മാറുന്നതല്ല ഈ നാട്ടിലേ വിഷയങ്ങൾ എന്ന് ഈ ആമി എന്ന കുട്ടിയേ ആരു ബോധ്യപ്പെടുത്തികൊടുക്കും?. ആമി എന്ന ഈ കുട്ടി മൊഴിഞ്ഞ വാക്കുകൾ മാവോവാദത്തിനു വാട്ടം പിടിക്കുന്ന പലരും ഇപ്പോൾ ഹൃദയത്തിൽ ചില്ലിട്ട് സൂക്ഷിക്കുകയാണ്‌. മാവോവാദം മാറി കഴിഞ്ഞ ദിവസം ആമീ വാദമായി ഈ ഇസത്തേ ചിലർ മാറ്റിയിരുന്നു. പാർലിമെറ്ററി ജനാധിപത്യത്തിനും, പൗരാവകാശം ഉറപ്പുവരുത്തുന്ന റിപ്പബ്ലിക്കൻ ഭരണഘടനയോടും രാജ്യത്തോടുമുള്ള അടങ്ങാത്ത വെറുപ്പും പകയും മാത്രമാണ്‌ ഇതിനെല്ലാം പിന്നിൽ. അവിടെ ആമിയും, രൂപേഷും, മുരളിയും, ഷൈനയും ഒക്കെ ചില നിമിത്തങ്ങൾ മാത്രം.
cpi-maoist-cadre
1950-1960 കാലഘട്ടത്തിൽ ചൈനയിൽ മാറ്റങ്ങൾക്ക് വഴിമരുന്നിട്ട മാവോ സേതൂങ്ങിന്റെ ചിന്തകളേയാണ്‌ നമ്മുടെ നാട്ടിലും ഇപ്പോൾ ചിലർ പൊക്കിപിടിക്കുന്നത്. മാവോ തന്റെ ചിന്തകൾ പാകിയത് ചക്രവർത്തിമാരും ഭൂ സ്വാമിമാരും ഭരണം നടത്തിയ ചൈനാ സാമ്രാജ്യത്തിത്തിലായിരുന്നു. അവിടെ മനുഷ്യർ അടിമകളായിരുന്നു. കർഷകർക്ക് ഭൂമിയില്ലായിരുന്നു. അടിമത്വവും ജന്മിത്വവും, പ്രഭുത്വവും നിലനിന്നിരുന്നു അന്ന് ചൈനയിൽ. ജനാധിപത്യവും, സഘടിക്കാനുള്ള അവകാശവും പൗരാവകാശവും ഒന്നും അന്ന് ചൈനയിൽ ഇല്ലായിരുന്നു. വൻ ശക്തിയായ ജപ്പാന്റെ പിടിച്ചടക്കലിന്റെ ഭീകരതയിലായിരുന്നു അന്ന് ചൈന. അവിടെ നീതിന്യായ വ്യവസ്ഥയും ജനങ്ങളുടെ ഭരണഘടനയും ഇല്ലായിരുന്നു. ജനങ്ങൾക്ക് ഭരണം നടത്താനും ഭരണാധികാരികളെ നിയമിക്കാനും കഴിയില്ലായിരുന്നു.
അങ്ങിനെയുള്ള ചൈനയിൽ അര നൂറ്റാണ്ട്മുമ്പ് നിലനിന്നതും ഇപ്പോൾ ഇല്ലാത്തതുമായ ഒരു മാവോ ചിന്തയും പൊക്കിപ്പിടിച്ച് എന്തിനാ ഇന്ത്യയിൽ ഒരു വിഭാഗം ഒളിപ്പോർ നടത്തുന്നത്?. ഇതു അന്ധകാരത്തിൽ അകപ്പെട്ട് കിടന്ന ചൈനയല്ല..ജനാധിപത്യവും, തിരഞ്ഞെടുപ്പും, നീതിന്യായ സംവിധാനവും, മതേതരത്വവും ഉള്ള ഇന്ത്യയാണ്‌. പൗര സ്വാതന്ത്ര്യവും, മനുഷ്യന്റെ മൗലീക അവകാശങ്ങളും അംഗീകരിച്ച മനുഷ്യത്വം മുറ്റി നില്ക്കുന്ന ജനായത്ത ഭരണഘടന ഉള്ള രാജ്യമാണ്‌. ഇന്ത്യ സോഷ്യലിസ്റ്റ് ചിന്താഗതികളേ പിന്തുണയ്ക്കുന്ന മതേതര റിപബ്ലിക്കാണ്‌. പിന്നെ ഇത്രയും മനോഹരമായ പൗരാവകാശവും, മതേതരത്വവും, ഭരണഘടനയും, സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ചിന്തയുമുള്ള ഈ രാജ്യത്ത് പലവിഷയങ്ങളും ഉണ്ടായിരിക്കും. അതെല്ലാം ഈ വ്യവസ്ഥിതിയുടെ കുഴപ്പമല്ല, അതിനേ നയിക്കുന്നവരുടേയും നിയന്ത്രിക്കുന്നവരുടേയും കുറ്റമാണ്‌. അതിനെല്ലാം പ്രതിവിധിയും ഈ സംവിധാനത്തിൽ തന്നെ പറയുന്നുണ്ട്. അതിനാൽ ഈ മാവോയുടെ പഴഞ്ചാക്കും ഭ്രാന്തൻ ചിന്തയും, ലോകം കുഴിച്ചുമൂടിയ ഇസവും ഇങ്ങോട്ട് കൊണ്ടുവരേണ്ട. ഈ മണ്ണിൽ കിളിർക്കില്ല. അത് കരിയുകതന്നെ ചെയ്യും. അരനൂറ്റാണ്ടായി അത് കാണുകയും ചെയ്യുന്നു. കുറ്റങ്ങൾക്കും കുറവുകൾക്കും ഒരു രാത്രി വിപ്ലവത്തിൽ പരിഹാരം ഉണ്ടാകില്ല. ഇവിടെ എന്തിനാണ്‌ മോവോവാദികളേ… കാട്ടിലിരുന്ന് പാത്തും പതുങ്ങിയും സമരിക്കുന്നത്?…വരുവിൽ ഈ രാജ്യത്തേ അതിവിശാലമായ ജനാധിപത്യ സ്വാതത്ര്യത്തിൽ അണിചേരുക. ഞങ്ങൾ ഇന്ത്യയിലേ ജനകോടികൾക്കും ഞങ്ങൾ നെഞ്ചേറ്റുന്ന ജനാധിപത്യത്തിനു ആദ്യം വഴ്ങ്ങുകയും കീഴ്പ്പെടുകയും ചെയ്യുക.
Maoist-gun
മാവോവാദികൾ ഇന്ത്യയിലേ നിരാശിതരായതും വഴിതെട്ടിയതുമായ ഒരു കൂട്ടം സമരക്കാരുടെ കൂട്ടമാണ്‌. സമൂഹത്തോടും, നാടിനോടും, രാജ്യത്തോടും, നിയമ സംവിധാനത്തോടും അവഹേളനവും, വെറുപ്പും, പകയും കാത്തുസൂക്ഷിക്കുന്ന വികൃതസമരക്കാരിണിവർ. മാവോ സേതൂങ്ങ് ഭരിച്ച് മാവോവാദം നടപ്പാക്കിയ ചൈനയേപ്പോലെ ഈ രാജ്യത്തേ ആക്കുവാൻ ചിലർക്ക് വല്ലാത്ത കലിയാണ്‌. ചില കാര്യത്തിൽ മാവോ ചൈനയിൽ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു. മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു. മാവോയിസത്തേ ചൈനപോലും കാൽ നൂറ്റാണ്ട്മുന്നേ ചുരുട്ടികൂട്ടി കുപ്പയിലിട്ടു .1978-ൽ ഡെങ് സിയാവോ പിങ് മാവോയിസത്തിന്റെ വേരറുത്ത് മാറ്റിയിട്ടാണ്‌ സാമ്പത്തിക പരിഷ്കരണം ആരംഭിച്ചത്. എന്നിട്ടാണ്‌ കുറെ അലവലാതി നിരാശിതർ ഇന്ത്യയിൽ ഇതും പൊക്കിപിടിച്ചുനടക്കുന്നത്.
മാവോവാദികളെ നിങ്ങൾ പറയുന്ന മാവോരാജ്യത്ത് മനുഷ്യൻ എന്തു പറയണമെന്നും ചിന്തിക്കണെമെന്നും നിങ്ങളല്ലേ തീരുമാനിക്കുന്നത്. തലച്ചോർ അടിച്ചുതകർത്ത മരവിച്ച മനുഷ്യരാകാൻ എന്തിനു ഞങ്ങളേ മാടിവിളിക്കുന്നു?…മാവോ രാജ്യം വന്നാൽ അവിടെ ശരിയായ മാർക്സിസവും കമ്യൂണിസവും, മറ്റൊരു ഇസവും ഇല്ല. പിന്നെ എല്ലാ ഇസത്തിന്റേയും മീതേ ജനങ്ങൾ കൊതിക്കുന്ന ജനാധിപത്യത്തിനു വല്ല സ്ഥാനവും ഉണ്ടോ?.. കാട്ടിൽ നിന്നും തോക്കും പടക്കവും ഒക്കെ ഉപേഴിച്ച് നാട്ടിൽ വരിക..ഈ ജനാധിപത്യം എല്ലാ ഇസക്കാരെയും ഉൾക്കൊള്ളുന്നു. ജനാധിപത്യത്തിൻ നിന്നുകൊണ്ട് ജനാധിപത്യത്തേ വിമർശിക്കാനും, കുറ്റം പറയാൻ പോലും അത് നിങ്ങളെ അനുവദിക്കും. എല്ലാ മൗലീക വാദങ്ങൾക്കും, ഇസങ്ങൾക്കും ഈ ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ട്. മാവോ വാദികളേ ഈ ജനാധിപത്യത്തിനു കീഴിൽ വന്നാൽ നിങ്ങളുടെ മാവോവാദത്തേ പോലും പ്രചരിപ്പിക്കാനും അത് പ്രസംഗിക്കാനും സാധിക്കും. അതാണ്‌ ജനാധിപത്യം. എല്ലാ ചിന്തകളേയും, ഇസങ്ങളേയും, മതങ്ങളേയും ജനാധിപത്യം അംഗീകരിക്കുന്നു.
maoist_pune_759
അവസാനമായി ഒന്നുകൂടി..മാവോയിസം ഭരിക്കാത്ത രാജ്യമായതിനാൽ ഇതെല്ലാം എഴുതാൻസ്വാതന്ത്ര്യമുണ്ട്.. മാവോയിസം നയിക്കുകയും ഒടുവിൽ അതിനേ ചവിട്ടികൂട്ടി കുപ്പയിലെറിയുകയും ചെയ്ത ചൈനയിലേ ഒരു മാധ്യമ പ്രവർത്തകന്‌ ഇത്തരം വിലയിരുത്തൽ സാധിക്കില്ല. മാവോവാദികൾ ഇന്ത്യയിൽ പിടിയിലാകുമ്പോൾ വാർത്തകൾ നല്കുകയും അറസ്റ്റിലാകുന്നവരുടെ പൗരാവകാശത്തിന്റെ കാവലാളുകളും ഇന്ത്യയിലേ മാധ്യമങ്ങളാണ്‌. പിടിക്കുന്ന പ്രതിയോഗിയേ നിയമത്തിനും ഭരണഘടനയ്ക്കും മുന്നിൽ കൊണ്ടുവന്ന് അതനസരിച്ച് നീതി നടപ്പാക്കുന്നു. എന്നാൽ മാവോകൾ പറയുന്ന സ്വപ്ന രാജ്യത്ത് പ്രതിയോഗിയേ പിടിച്ചാൽ റിപോർട്ട് ചെയ്യുന്ന പത്രക്കാരനേയും, പിടിക്കുന്ന പ്രതിയോഗിയേയും ഭൂമുഖത്തുനിന്നുപോലും തുടച്ചുമാറ്റും. അതാണ്‌ മാവോവാദികളേ നിങ്ങൾ പറയുന്ന സാങ്കല്പ്പിക ലോകവും നിലവിലേ ഞങ്ങളുടെ ലോകക്രമവും തമ്മിലുള്ള വ്യത്യാസം.