Search This Blog

Monday, September 22, 2014

ഉമ്മന്‍ ചാണ്ടിക്ക് മറുപടി:നിങ്ങളെ ജയിപ്പിക്കാനറിയാമെങ്കില്‍ തോല്പ്പിക്കാനും അറിയാം. .

;
 
ഉള്ളതു പറഞ്ഞാല്‍ !

 
നികുതി വര്‍ദ്ധിപ്പിച്ചത് നടപ്പാക്കാന്‍ തീവൃവാദികളുടേയും സ്വേച്ഛാധിപതിയുടേയും ഭാഷയില്‍ ഉമ്മന്‍ ചാണ്ടി സംസാരിച്ചത് കഷ്ടമായിപ്പോയി. നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍
നടപ്പാക്കാനും അറിയാം എന്ന ഭാഷ ജനങ്ങളോട് പറയാന്‍ ഏത് പൊളിറ്റിക്കല്‍ സ്കൂളില്‍ നിന്നുമാണ്‌ ചാണ്ടി സാര്‍ പഠിച്ചത്. സി.പി.എം നേതാക്കളെ ഭാഷയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തുപോള്‍ കേരളത്തിലെ ജനസമൂഹത്തിന്റെ നേര്‍ക്ക് കഠാരയിറക്കുന്ന വാക്കുകള്‍ ജനപ്രിയനെന്ന് ഖ്യാതിയുള്ള ഈ മനുഷ്യന്‌ എങ്ങിനെ പ്രയോഗിക്കാന്‍ കഴിഞ്ഞു?. ഇത്ര ശിലയേപ്പോലെ തറഞ്ഞതാണോ ഇദ്ദേഹത്തിന്റെ മനസിന്റെ ജനം കാണാത്ത മലീമസമായ മൂലകള്‍. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി അധികം ഞെളിയേണ്ടാ...നിങ്ങള്‍ കൂട്ടിയ നികുതി നിങ്ങള്‍ക്ക് പിരിക്കാനും അറിയാമെങ്കില്‍ ജയിപ്പിച്ച നിങ്ങളെ തോല്പ്പിക്കാന്‍ ജനത്തിനറിയാം.ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും കേരളത്തിലെ ജന സമൂഹത്തിന്റെ അവസാനത്തേ ആശ്രയമല്ല. മറ്റ് മുന്നണിയും പാര്‍ട്ടികളും ഇവിടെയുണ്ട്. ജനം നിങ്ങളെ ഈ ഭാഷ പ്രയോഗിക്കാന്‍ കൂടുതല്‍ കാലം അനുവദിക്കില്ല. ഉമ്മന്‍ ചാണ്ടി ഈ ഭാഷാ പ്രയോഗം തിരുത്തിയില്ലേല്‍ ആ കസേരയില്‍ ജനം ഇനി ഇരുത്തില്ല. ജനത്തിനും, ഈ നാട്ടിലെ സമാധാനത്തിനുമെതിരേ കലഹം നടത്തിയും അകാശം ഇടിഞ്ഞുവീണാലും നികുതി നടപ്പാക്കുമെന്നരീതിയിലും പറയാന്‍ പാടില്ലായിരുന്നു. ഇത് ചിന്താശേഷിയും, അറിവും ഉള്ള ജനത്തിന്റേ നാടാണ്‌. മറ്റ് പാര്‍ട്ടികളും, നേതാക്കളും, മുന്നണികളും ഉള്ള തിരഞ്ഞെടുപ്പുകളുടെ കേരളമാണ്‌.
അധികാരം തലക്ക് പിടിക്കുകയും കുരുക്കുകള്‍ ഒന്നൊന്നായി ഭാഗ്യം പോലെ ഒഴിവായോ ഒഴിവാക്കപ്പെട്ടോ പോകുമ്പോള്‍ ജനത്തെ നോക്കി വിജയാളിയേപ്പോലെ ഓരിയിടരുത്. എപ്പോഴും ജയിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി അഹങ്കാരത്തോടെ പറയുന്നുണ്ടാകും ജനത്തേയും തോല്പ്പിച്ചെന്ന്. ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടെന്ന്. അതൊന്നും വേണ്ടാ.. എല്ലാ സ്വേച്ഛാധിപതികള്‍ക്കും, ഹിപ്പോക്രാറ്റുകള്‍ക്കും അവസാനകാലത്ത് ഒരു ആളിക്കത്തലുകള്‍ ഉണ്ടാകാറുണ്ട്.
ഉമ്മന്‍ ചാണ്ടി നല്ലവനെന്നു കരുതിയ കേരളത്തിലെ ജനങ്ങളെ പറ്റിക്കരുത്. മനസിലെ മലീമസമായ മൂലയിലെ വിഷലാവകങ്ങള്‍ തികട്ടി പുറത്തുവരുന്നതിലും നല്ലത് അതെല്ലാം ഉപേഷിക്കുന്നതാണ്‌. അല്ലെങ്കില്‍ ജനങ്ങളേയും, കസേരകളേയും അധികാരത്തേയും ഉപേഷിക്കണം. അതിനു സമയമായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഇത്തരം പ്രയോഗങ്ങള്‍ തെളിയിക്കുകയാണ്‌. കേരളത്തിലെ മുഴുവന്‍ ജനത്തേയും ബാധിക്കുന്ന പൊതുദ്രോഹ പ്രവര്‍ത്തി ചെയ്തിട്ട് ജനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ ചങ്കൂറ്റം അപാരം തന്നെ. ഇപ്പോള്‍ ജനത്തോട് പറഞ്ഞ ഈ നെഞ്ചുറപ്പ് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമ സഭാ തിരഞ്ഞെടുപ്പിലും കാണിക്കണം.
ഇന്ത്യാ മാഹാ രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ രണ്ടക്കത്തിന്റെ പകുതിപോലും തികയ്ക്കാന്‍ ജനം അനുവദിക്കാത്ത ചരിത്രം മുന്നില്‍ ഇരുന്നും കിടന്നും പഠിക്കണം. എത്ര തല്ലിയാലും നന്നാവില്ലെങ്കില്‍ കേരളത്തില്‍ അടുത്ത നിയമ സഭയില്‍ ഒറ്റയക്കത്തിലേക്കും നിങ്ങളെ എത്തിക്കാന്‍ ശേഷിയുള്ളവരാണ്‌ ജനമെന്ന് മറക്കേണ്ട. അത്രമാത്രം സംഹാര ശേഷി ജനത്തിനുണ്ടെന്ന് ദില്ലിയില്‍ നിന്നും അറിയണം. ഇങ്ങിനെ പല അല്ഭുത സിദ്ധികളും ഉള്ള ജനങ്ങളോട് സസാരിക്കുമ്പോള്‍ മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിക്കണം.മര്യാദ കാണിക്കണം .
 
കഴിഞ്ഞ ബജറ്റില്‍ 1556കോടിയുടെ പ്രത്യക്ഷ നികുതി വര്‍ദ്ധന, അതിനു ശേഷം യാത്രാക്കൂലി കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, ഇപ്പോള്‍ കുടിവെള്ളത്തിന്റെ നികുതി 50മുതല്‍ 60 ശതമാനം വരെയും കൂട്ടി. എല്ലാ സര്‍ക്കാര്‍ ഫീസുകളും ഇരട്ടിയിലധികം കൂട്ടുകയും, ഇഷ്ടദാനം ഉള്‍പ്പെടെയുള്ള രജിസ്റ്റ്ട്രേഷന്‍ സറ്റാമ്പ് ഡ്യൂട്ടികളും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കര്‍ഷകര്‍ക്കും ഭൂ ഉടമകള്‍ക്കും പാരയായി ഭൂ നികുതി കൂട്ടി.മദ്യം, ബിയര്‍, വൈന്‍, സിഗരറ്റ് എന്നിവയുടെ നികുതി കൂട്ടിയതുവഴി തന്നെ 1494 കോടി രൂപയുടെ അധികവരുമാനം ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നു.മൊത്തം 4000 കോടിയിലധികം രൂപയുടെ അധിക നികുതി പിരിച്ചെടുത്ത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനാണ്‌ പദ്ധതി. അതായത് വാര്‍ഷിക സാമ്പത്തിക അജണ്ടയായി അവതരിപ്പിക്കുന്ന ബജറ്റിനേയും നോക്കുകുത്തിയാക്കി. നിയമ സഭയെ ചുമ്മാതൊരു സഭയാക്കി. ജനാധിപത്യത്തിനും, നിയമ സഭയ്ക്കും ഇതിലൊക്കെ എന്തു കാര്യം? എന്ന ചിന്തയോടെ ജനാധിപത്യ സംവിധാനങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞ് പൊതുജനത്തെ ചാണ്ടിസാര്‍ വെല്ലുവിളിക്കുന്നു. ബജറ്റിലെ നികുതി നിര്‍ദ്ദേശത്തിന്റെ 3ഇരട്ടി നികുതികളാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 5മാസത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിവര്‍ദ്ധന 6000 കോടിരൂപയോളം വരും. വൈദ്യുതി, ബസ് കൂലി വര്‍ദ്ധന വേറെ.
ഇതിനു പുറമേയാണ്‌ കേന്ദ്രസര്‍ക്കാര്‍ റയില്‍ നിരക്കുകളും മറ്റ് നികുതികളും വര്‍ദ്ധിപ്പിച്ചത്. റെയില്‍ നിരക്കുകള്‍ കൂട്ടിയതിനാല്‍ യാത്രാകൂലിയിലും, സാധന വിലകളിലും മാത്രമായി 2500-3000കോടിരൂപയുടെ അധിക ഭാരം കേരളത്തിലേ ജനത്തിനു വരുന്നുണ്ട്. ഇനി ടാക്സികൂലിയും കൂട്ടുന്നു. 5മാസം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ പോക്കറ്റില്‍നിന്നും അധികമായി ചോര്‍ത്താന്‍ കേരളാ- കേന്ദ്രസര്‍കാരുകള്‍ തയ്യാറാക്കിയ പണത്തിന്റെ കണക്ക് 20000 കോടി രൂപയ്ക്ക് മീതേ വരും. ഇത്രയും കോടി രൂപ കേരളത്തിലേ കോര്‍പറേറ്റ് മേഖലയില്‍നിന്നും, ബഹുരാഷ്ട്ര കമ്പിനികള്‍ക്ക് തുല്യമായി വളരുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന ഭീമന്‍ കമ്പിനികളില്‍ നിന്നുമല്ല. സാധാരണക്കാരും, ദരിദ്രരും, ബി.പി.എല്കാരും, കര്‍ഷകരും, ഉദ്യോഗസ്തരും, തൊഴിലില്ലാത്തവരുമായ ജനങ്ങളില്‍നിന്നുമാണ്‌. അവിടെയാണ്‌ ഇതിന്റെ ആഘാതവും ഞെട്ടലും. 5മാസംകൊണ്ട് മൂന്നേകാല്‍ കോടി ജനങ്ങളില്‍നിന്നും 20000കോടിയിലധികം രൂപ അധികമായി പിരിച്ചെടുക്കാന്‍ പദ്ധതി തയ്യാറാക്കിയ സര്‍ക്കാരുകള്‍ ഈ 5മാസംകൊണ്ട് എന്തു സാമ്പത്തിക വളര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി?. ജനത്തിനു കഴിഞ്ഞ 5മാസം കൊണ്ട് 1000 കോടി രൂപയുടേയെങ്കിലും വളര്‍ച്ച ഉണ്ടാക്കിയോ?. ശംബളം കൂട്ടിയോ?..കാര്‍ഷിക വിളകള്‍ക്കും റബറിനും കനത്ത വില തകര്‍ച്ചയുണ്ടായില്ലേ?. റബ്ബര്‍ ബോര്‍ഡിന്റെ കണക്കുക പ്രകാരം തിട്ടപ്പെടുത്തിയാല്‍ റബ്ബര്‍ വിലയില്‍ 18000 കോടി രൂപയുടെ വാര്‍ഷിക വില തകര്‍ച്ചയാണ്‌ നിലവിലെ 100രൂപ വിലയും മുന്‍പത്തെ വിലയും കണക്കാക്കിയാല്‍ ലഭ്യമാകുന്നത്.
 
നികുതി കൂട്ടിയത് നാടും ജനവും മുടിഞ്ഞുപോയാലും അങ്ങ് പിരിച്ചോ..ഇത്തരത്തിലുള്ള കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച ഭാഷ തിരുത്തണം, പിന്‍ വലിക്കണം. അങ്ങില്‍ നിന്നും ബഹിടന്മാരുടെ വായില്‍ കൂടിവരുന്ന ഇത്തരം പോക്കണം കേടുകള്‍ വരുമെന്ന് കരുതിയിരുന്നില്ല. കേരളത്തിലെ ജന:സമൂഹത്തില്‍ കോണ്‍ഗ്രസുകാരും, മാര്‍ക്സിസ്റ്റുകാരുമ്, ബി.ജെ.പിയും, എല്ലാ മതക്കാരും ഒക്കെ നികുതി നല്കാനും നിയമം അനുസരിക്കാനും ബാധ്യസ്തരായവര്‍ ആണ്‌. ഈ സമൂഹത്തിലെ ഉമ്മന്‍ ചാണ്ടിയുടെ അടിയുറച്ച ആരാധകരായ ചിലര്‍ ഒഴികെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളും അങ്ങയില്‍ നിന്നും കിളുര്‍ത്ത അഹങ്കാരത്തിന്റെ വാക്കുകളെ വെറുക്കുന്നു. ആ വാക്ക് പറഞ്ഞതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടീ നിങ്ങളുടെ സല്‍പ്പേരിന്റെ സ്ഥാനത്ത് ദുഷ്പേര്‌ ചിലര്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്‌. നികുതി നടപ്പാക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സംസാരിച്ച ഭാഷ ഹിറ്റ്ലറുടേതും, ബിന്‍ ലാദന്റേയുമാണെന്ന് തുറന്നു പറയട്ടെ. അത്രമാത്രം ഏകാധിപത്യപരവും സ്വേചാധിപത്യപരവും ഏക പക്ഷീയവുമാണാ വാക്കുകള്‍.
നിയമ സഭകൂടിയില്ല, സ്വന്തം പാര്‍ട്ടിയും , അതിന്റെ പ്രസിഡന്റും അനുകൂലിക്കുന്നില്ല ഈ നികുതി വര്‍ദ്ധന. ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ എതിര്‍ക്കുന്നു. ഈ അവസരത്തില്‍ എല്ലാവരെയും ഭീതിയിലും ഭീഷണിയിലുമാക്കി മുഖ്യമന്ത്രി നടത്തിയ പദപ്രയോഗം ഭീകരമായി പോയി. ബാറുകള്‍ പൂട്ടിയതു വഴി 1818 കോടിയുടെ നഷ്ടം നികത്താന്‍ ഇപ്പോള്‍ 4000ത്തിലേറെ കോടിയുടെ അധിക നികുതികള്‍ ജനത്തിന്റെ തലയില്‍ കെട്ടിവയ്ച്ചിരിക്കുന്നു. സാമ്പത്തിക വഴികളും, മറ്റ് മാര്‍ഗ്ഗവും കാണാതെ സാധാരണക്കാരന്റെ പോകറ്റ് മുന്നില്‍ കണ്ട് എന്തിനാണ്‌ തിടുക്കത്തില്‍ ബാറുകള്‍ പൂട്ടിച്ചത്?. സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള സൗന്ദര്യ മല്‍ സരത്തില്‍ ഇതാ കേരളത്തിലെ ജനം ബലിയാടാകുന്നു.
 
പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല തീരുമാനം എടുക്കുന്നതെന്നും മന്ത്രി സഭ എടുത്ത തീരുമാനം നടപ്പാക്കാനുമറിയാം എന്നും മുഖ്യമന്ത്രി പറയുന്നു. ഈ പ്രതിപക്ഷം , അവര്‍ കേരളത്തിലെ ജനങ്ങളുടെ കാര്യമാണ്‌ പറയുന്നതെങ്കില്‍ സര്‍ക്കാര്‍ അത് കേള്‍ക്കണം, മുഖ്യമന്ത്രി അത് അറിഞ്ഞിരിക്കണം. അതിന്റെ മറ്റൊരു ഭാഷയിലാണ്‌ കെ.പി.സി.സി പ്രസിഡന്റും പറയുന്നത്. ഇവര്‍ എല്ലാം പറഞ്ഞുകഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്‌. ഉമ്മന്‍ ചാണ്ടി അതറിയാനും കേള്‍ക്കാനും ബാധ്യസ്ഥനാണ്‌. കേരളത്തിലെ മൂന്നേകാല്‍ കോടിയോളം വരുന്ന ജനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും അഭിപ്രായം കേള്‍ക്കണമായിരുന്നു. ഒരു സരിതയുടെ കേസില്‍ പോലും കേരളത്തിലെ പ്രതിപക്ഷവും പാര്‍ട്ടിയുമായും ചര്‍ച്ചയ്ക്ക് പലവട്ടം തയ്യാറായ മുഖ്യമന്ത്രി മൂന്നേകാല്‍ കോടി ജനത്തേ പിഴിയുന്ന കാര്യത്തില്‍ ഇത്ര ഇരുമ്പുലക്കകാരനായത് അപമാനമായി പോയി.
ഇടതു മുന്നണിയും, ജനവും എത്ര സമരം നടത്തിയാലും ജയിക്കണമെന്നില്ല. കാരണം തീരുമാനിച്ചതാണേല്‍ കേരളത്തിന്റെ ഒരു ഭാഗം ഇല്ലാതായാലും നടപ്പാക്കും. അതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. കേരളത്തിലെ ജനങ്ങള്‍ക്കും സി.പി.എമ്മിനും സായുധ കലാപത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുന്ന ഒരു ഭരണവും നിയമവും ഇപ്പോള്‍ ഇവിടെയില്ല. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി സ്വയം തിരുത്തുക എന്നതു മാത്രമാവും പോം വഴി. മദ്യത്തിനു ബിയറിനും സിഗരറ്റിനും വിലകൂട്ടിയത് അതിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ഉദ്ദേശ്യമായിരിക്കാം. കാരണം മദ്യ നിരോധനം പടി പടിയായി വരുമല്ലോ. എന്നാല്‍ വെള്ളത്തിന്റേയും, ഭൂമിയുടേയും കരം കൂട്ടിയത് അങ്ങിനെയാകാതിരുന്നാല്‍ മതി.
. .
nmvins@gmail.com

No comments:

Post a Comment