Search This Blog

Saturday, January 30, 2016

ചുടുകാടുകൾ....തീ വിഴുങ്ങുന്ന ഓസ്ട്രേലിയൻ കാടുകളിലൂടെ ഒരു യാത്ര.


പുതുവർഷത്തിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിൽ കത്തി ചാമ്പലായത് 1.75ലക്ഷം ഏക്കർ വനമാണ്‌. ജനവരി 6നായിരുന്നു കാട്ടു തീ ശക്തമായത്. വെസ്റ്റേൺ ഓസ്ട്രേലിയയുടെ 200ലധികം ചതുരശ്ര കിലോമീറ്ററിലധികം പടർന്ന കാട്ടു തീ നിയന്ത്രണങ്ങൾക്ക് അപ്പുറം ആയെന്ന റിപ്പോർട്ടുകൾ ജനവരി 6ന്‌ രാത്രി തന്നെ തന്നെ കിട്ടിയിരുന്നു. വനത്തിലെവിടെയോ തീ നാമ്പിട്ടത് ജനവരി 4നായിരുന്നു എന്നും അറിയാൻ വൈകിയെന്നുമാണ്‌ വാർത്തകൾ വരുന്നത്. ലോകത്തേ തന്നെ ഏറ്റവും വലിയ കാട്ടുതീ കാണാനും പ്രതിരോധ പ്രവർത്തനങ്ങൾ കാണാനും ഉള്ള താല്പര്യം മനസിൽ വളർന്നു. ആകാംഷ ഉൽസാഹമായി.. പിന്നെ സാഹസികമായി ചിന്തിക്കാൻ തുടങ്ങി. ജനവരി 7ന്‌ പുലർച്ചെ 5മണിക്ക് തന്നെ പെർത്തിന്‌ 200 കിലോമീറ്റർ അകലെയുള്ള യാലൂപ് ഭാഗത്തേക്ക് ആദ്യം യാത്ര തിരിച്ചു.
bush fire australia
എന്നാൽ 120 കിലോമീറ്ററോളം യാത്ര ചെയ്തപ്പോൾ തന്നെ പ്രധാന ഹൈവേകൾ അടച്ചിരുന്നു. തുടർന്ന് വനത്തിനു ഉള്ളിലൂടെയുള്ള തുറന്ന റോഡുകളിലൂടെ സഞ്ചരിച്ചു. എല്ലായിടത്തും ഫയർ റെസ്ക്യൂ വിഭാഗവും, പോലീസും, അടിയന്തിര വാഹനങ്ങളും. റോഡുകൾ പലയിടത്തും അടച്ചിരിക്കുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ ജീവ നാഡിയായ 110 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള 2ഹൈവേകളും പൂർണ്ണമായും അടച്ചു. ഈ ഹൈവേകളിൽ മുഴുവൻ അഗ്നികുണ്ഠങ്ങളാണ്‌. ചില റോഡുകൾ ഹെലികോപ്റ്റർ സർവീസിനായി അടച്ചിരിക്കുന്നു. ഹെലികോപ്റ്റർ ഡസൻ കണക്കിന്‌ പറന്ന് വെന്തെരിയുന്ന വന ഭൂമിയില്ലൂടെ വെള്ള പൊടികൾ തൂളുന്നത് ദൂരെ നിന്നും കാണാം. അടിയന്തിര ഘട്ടത്തിൽ ഫയർ ടാങ്കറുകൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത ജലാശയത്തിൽ നിന്നും വെള്ളം ശേഖരിച്ച് ടാങ്കറുകളിലേക്ക് ഹെലികോപ്റ്റർ ആണ്‌. ഹെലികോപ്റ്ററുകൾ ജലാശയത്തിന്റെ മുകളിൽ പറന്നു നിന്ന് ദൂരെ ടാങ്കറുമായി കണക്ട് ചെയ്ത പൈപ്പുകളിലൂടെ ജലം പമ്പ് ചെയ്യും.
bush fire 2
മഹാ ദുരന്തം വേട്ടയാടുന്ന നൂറുകണക്കിന്‌ കിലോമീറ്റർ വന ഭൂമിയിൽ നിന്നും തീയും പുകയും ഉയരുന്നു. ഉച്ചയ്ക്ക് 2മണിക്ക് പോലും കാറിന്റെ ഹെഡ് ലൈറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. കാരണം റോഡ് പുക മൂലം ദൂര കാഴ്ച്ച കുറവാണ്‌. എങ്ങും പുക മണം. അന്തരീക്ഷവും ആകാശവും എല്ലാം ചുരുങ്ങി പുകപടലം കൊണ്ട് ലോകം തന്നെ ചെറുതായി. ദിക്കും, ലക്ഷ്യവും ഒന്നും തിരിയാൻ പറ്റാത്തവിധം എല്ലായിടത്തും പുക. വനത്തിന്റെ ഉൾവശത്ത് ഫോൺ നെറ്റ് വർക്ക്, മൊബൈൽ ഇന്റർ നെറ്റ് ഒന്നും ലഭിക്കുന്നില്ല. റോഡ് നാവിഗേറ്ററിൽ രേഖപ്പെടുത്താത്ത പാതകൾ..എങ്ങോട്ടാണ്‌ പോകുന്നതെന്ന് അറിയില്ല. തീ കാട്ടിലേക്ക് യാത്ര തുടങ്ങുമ്പോൾ തന്നെ പോലീസ് നിർദ്ദേശിച്ചിരുന്നു ഫുൾ ടാങ്ക് എണ്ണ അടിച്ചുവേണം പോകാൻ എന്ന്. ഫുൾ ടാങ്ക് അടിച്ച് എണ്ണ വൈകിട്ടായപ്പോഴേക്കും തീരാൻ തുടങ്ങിയത് അങ്കലാപ്പുണ്ടാക്കി. പല റോഡുകളിലൂടെയും ചെല്ല്ലുമ്പോൾ അവസാനമാകുമ്പോൾ അവിടെയും തീ പടരുന്നു . അടിയന്തിരമായി റോഡ് അടച്ച് ഫയർ മാന്മാരും, പോലീസും, ആമ്പുലൻസും എല്ലാം അവിടെ ക്യാമ്പ് ചെയ്യുന്നു. പിന്നെ അവിടെ നിന്നും മടങ്ങി തുറന്നു കിടക്കുന്ന അടുത്ത റോഡിലൂടെ യാത്ര തുടരും.
എന്തായാലും ജനവരി 7ന്‌ പകൽ മുഴുവൻ പലയിടങ്ങളിലൂടെ യാത്ര ചെയ്ത് അഗസ്ത്യ എന്ന സ്ഥലത്ത് രാത്രി തങ്ങി വിശ്രമിച്ചു. പിറ്റേന്ന് വീട്ടിൽ മടങ്ങി എത്തിയപ്പോഴേക്കും 1300ഓളം കിലോമീറ്റർ യാത്ര ചെയ്തിരുന്നു.
ഉയർന്ന് പൊങ്ങി ലോകത്തേ മുഴുവൻ വിഴുങ്ങുന്ന തീ ഗോളങ്ങൾ പോർ വിമാനങ്ങളുടെ മാരക ബോബിങ്ങിനേക്കാൾ എത്രയോ ഭയാനകം. തീവിഴുങ്ങുവാൻ വരുന്ന പ്രദേശങ്ങളിൽ നിന്നും ഫയർ ആന്റ് റിസ്ക്യൂ സേന പൂർണ്ണമായും മാറി നില്ക്കും. അഗ്നി കീഴടക്കിയാൽ അതിനോട് പൊരുതി
തോല്ക്കാതെ പിൻ വാങ്ങുക മാത്രമേ നിവർത്തിയുള്ളു. അത്ര ഭയാനകമാണ്‌ കാട്ടു തീ. മനുഷ്യൻ ഇന്നു വരെ കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും കൈയ്യിലിരിക്കുന്ന ലോകത്തേ വികസിത രാജ്യമായ ഓസ്ട്രേലിയ എന്നും കാട്ടു തീയെ കണ്ട് നോക്കി നിക്കുകയാണ്‌ ചെയ്യാറ്‌.വരൂണ എന്ന സ്ഥലത്ത് ഒരു റോഡിൽ ഫയർ റിസ്ക്യൂ ഫോഴ്സ് തീ പിടുത്തം നടക്കുന്ന ഭാഗത്തുനിന്നും പിൻ വാങ്ങി പുറത്ത് തങ്ങുന്നു. അതിലേ ചീഫ് കമാണ്ടർ മാർ ലൂകുമായി സംസാരിച്ചു. കാട്ടു തീ അണക്കുക എന്നത് അസാധ്യമാണെന്നും അതിനെ പടരാതെ തടയാനുള്ള വഴിയേ നോക്കാൻ പറ്റൂ എന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തവണത്തേ തീപിടുത്തം ചില കണക്കുകൂട്ടൽ തെറ്റിച്ചു. വനത്തിലൂടെ പോകുന്ന ഹൈവേകൾക്ക് 200 മീട്ടറോളം വീതിയുണ്ട്. എന്നാൽ സാധാരണ ഇത്രയും വലിയ ദൂരം കാട്ടു തീ ചാടി മറുവശം കടക്കാറില്ല. എന്നാൽ ഇത്തവണ 200 മീറ്റർ ദൂരം വൻ അഗ്നികുണ്ഠങ്ങൾ പറന്ന് കടന്നു. പച്ച മരങ്ങൾ നുന്നു കത്തി. 200 മീറ്റർ വരെ അഗ്നിഗോളങ്ങൾ ഉയർന്ന് ഒരു ലോകം മുഴുവൻ നിന്നു കത്തുന്ന കാഴ്ച്ച ഓർത്തു നോക്കുക. ആകാശത്തോളം ഉയരെ പൊങ്ങുന്ന ചാരവും പുകയും വേറെ. 200-300 കിലോമീറ്റർ വരെ ദൂരെ സൂര്യ പ്രകാശത്തേ മറയ്ക്കാൻ ശേഷിയുള്ള കരി പുക കെട്ടുകൾ. വനത്തിലെ തീ ചില ഭാഗത്ത് ജനവാസ കേന്ദ്രത്തിലേക്ക് എത്തി നോക്കി. ശക്തമായി വന്ന കാറ്റ് ദൂരെ നിന്നും ജനവാസ കേന്ദ്രത്തിലും തീവയ്പ്പ് നടത്തുകയായിരുന്നു. എന്നാൽ ഇവിടെ അടങ്ങി നില്ക്കാൻ പോലീസും അടിയന്തിര ശേനയും തയ്യാറായില്ല. അവർ അതി ശക്തമായി തിരിച്ചടിച്ചു. ഹെലികോപ്റ്ററുകളും, നൂറുകണക്കിന്‌ ഫയർ ട്രക്കുകളും തീക്കെതിരെ പോരാടി. എങ്കിലും 140ഓളം വീടുകൾ കത്തുകയും 2പേർ മരിക്കുകയും ചെയ്തു. എന്തായാലും കാട്ടു തീ താഢവമാടിയ വെസ്റ്റേൺ ഓസ്ട്രേലിയയുടെ വന ഭൂമികൾ തീ അണഞ്ഞ ശേഷം വീണ്ടും വന്ന് കാണണം എന്ന് ഉറപ്പിച്ചാണ്‌ ജനവരി 7ന്‌ പുറപ്പെട്ട് 8ന്‌തിരിച്ചെത്തിയത്.

”അങ്ങിനെ വെന്തെരിഞ്ഞ ചുടുകാടിലൂടെ വീണ്ടും ജനവരി 30ന്‌ വീണ്ടും ഒരു യാത്ര. തീ പിടുത്തത്തേക്കാൾ ഭയാനകമായ കാഴ്ച്ചകൾ..ചുട്ട് ചാമ്പലായ ഒരു ലോകം. എങ്ങും ചാരവും, കരിയും, മരങ്ങൾ കരി കൊള്ളികളായി നില്ക്കുന്നു. ഒരു ഉറുമ്പോ, കരികിലയോ പോലും ഇല്ലാത്ത മരിച്ച മണ്ണ്‌. അതേ പറ്റി അടുത്ത ഭാഗത്തിൽ.”
എന്തൊകൊണ്ടാണ്‌ അടിക്കടി കാട്ടുതീ ഉണ്ടാകുന്നത്?.

10 മാസത്തേ കാലപരിധിക്കുള്ളിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ മാത്രം 173000 ഹെക്ടർ വനഭൂമിയാണ്‌ കത്തി ചാമ്പലായത്. അതായത് 4.27ലക്ഷം ഏക്കർ ഭൂമി. ഒരു വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിൽ മൊത്തം കത്തി ചാമ്പലായ ഭൂ പ്രദേശം 289700 ഹെക്ടർ ആണ്‌. അതായത് 715864 ഏക്കർ ഭൂമി. തീപിടുത്തത്തിന്റെ പിടിയിൽ പെടാത്ത ഓസ്ട്രേലിയൻ വന ഭൂമി കുറവാണ്‌. 1851ൽ ഓസ്ട്രേലിയ വിക്ടോറിയയിൽ ഉണ്ടായ കാട്ടുതിയാണ്‌ ലോക ചരിത്രത്തിലേ തന്നെ വലിയ ഒരു കാട്ടുതീ. 50ലക്ഷം ഹെക്ടർ വന ഭൂമിയാണ്‌ അന്ന് ചുട്ടെരിഞ്ഞത്. 10ലക്ഷം ചെമ്മരിയാടുകൾ ചത്തൊടുങ്ങിയ ആ വൻ ദുരന്തത്തിൽ മരിച്ചത് 12 മനുഷ്യരാണ്‌. അതായത് മനുഷ്യർക്ക് ജീവഹാനി കുറവാണ്‌. വീടുകളും പരാമാവധി സുരക്ഷിതമാക്കി നിർത്തിയിരിക്കും. ഇന്ത്യയുടെ ഏതാണ്ട്‌ 3ഇരട്ടിക്കടുത്ത് വലിപ്പം
ഉള്ള ഓസ്ട്രേലിയയിൽ എന്തൊകൊണ്ടാണ്‌ അടിക്കടി കാട്ടുതീ ഉണ്ടാകുന്നത്?. വരണ്ട കാടുകൾ…ജല കണങ്ങൾ ഒട്ടുമില്ലാത്ത യൂക്കാലീ വിഭാഗത്തിൽ പെട്ട മരങ്ങൾ, 2മാസമേ ചൂടുള്ള കാലാവസ്ഥ ഉള്ളു എങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം ഒട്ടുമില്ല. ലക്ഷകണക്കിന്‌ ഹെക്ടർ മണൽ കാടുകൾ നിറഞ്ഞ സ്ഥലത്ത് നൂറുകണക്കിന്‌ വർഷങ്ങളായി കുറ്റിക്കാ
ടുകൾ മാത്രമാണ്‌ വളരുന്നത്. വലിയ വൃക്ഷങ്ങൾ പിടിക്കില്ല. മില്യൺ വർഷങ്ങൾ മുന്നും കടൽ ഇറഞ്ഞി പോയ സ്ഥലമാണിതെന്നും കടലിന്റെ അടിത്തട്ട് ഭൂമിയാണിതെന്നും ശസ്ത്രീയമായ ചരിത്ര വിലയിരുത്തലുകൾ ഉണ്ട്. ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം വന്യ മൃഗങ്ങൾ ഇല്ല എന്നു പറയാം. ആകെയുള്ളത് കങ്കാരുവും, കുറെ ചെറു മൃഗങ്ങളും മാത്രം. മഹാ ഭൂരിപക്ഷം വനത്തിലും ഒരു ഉറുമ്പ് തരിപോലും ഇല്ല.