Search This Blog

Sunday, August 24, 2014

ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കത്ത്: കോണ്‍ഗ്രസ് എന്നാല്‍ കത്തോലിക്കാ കോണ്‍ഗ്രസ് എന്നല്ല.

Story Dated: Monday, August 18, 2014 2:47 am IST

;
അഡ്വ: വിന്‍സ് മാത്യു.
ഉള്ളതു പറഞ്ഞാല്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് സോണിയക്ക് കത്തയച്ചത് കുശുമ്പുമൂത്താണ്. വിദ്യാഭ്യാസമടക്കം പല വകുപ്പുകളും മുസ്ലീം സമുദായത്തിന്റെ കുത്തുകയായെന്നാണു പരാതി. ഇതു പരമാര്‍ത്ഥമാണെങ്കിലും സോണിയക്ക് ഒരു കത്തെഴുതിയാല്‍ കേരളത്തിലേ ലീഗും ഭരണത്തിലേ അതിന്റെ സ്വാധീനവും ഇല്ലാതാവും എന്ന് ആന്‍ഡ്രൂസ് പിതാവ് കരുതികാണും!!. ഈ പിതാവ് ജീവിക്കുന്നത് ഈ കാലഘട്ടത്തിലും, ഇന്ത്യാ രാജ്യത്തൊന്നും അല്ലെന്ന് തോന്നുന്നു. ഇന്ത്യ മുഴുവന്‍ ഭരിക്കുന്നതും കേന്ദ്രത്തിലേ മുഴുവന്‍ വകുപ്പുകളും നിയന്ത്രിക്കുന്നതും ഹിന്ദു ഭൂരിപക്ഷപാര്‍ട്ടിയായ ബി.ജെ.പി ആണെന്ന ബോധം പിതാവിനു ഇല്ലാതെപോയി. സംഘ്പരിവാറും, ആര്‍.എസ്.എസുമാണ് ഇന്ത്യന്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. പിതാവ് ഭരണത്തിലേ വകുപ്പുകളിലേ സമുദായ കണക്കു എണ്ണി പറയുകയാണെങ്കില്‍ ആദ്യം കത്തെഴുതേണ്ടിയിരുന്നത് അമിത് ഷായ്ക്കായിരുന്നു. ഒരു പക്ഷേ അമിത് ഷായ്‌ക്കെഴുതി വച്ച കത്ത് മാറിപോയി സോണിയക്ക് അയച്ചതുമാകാം. വിദ്യാഭ്യാസ വകുപ്പില്‍നിന്നും കത്തോലിക്കാ സഭയ്ക്ക് എന്തോ സ്വാധീനിച്ചെടുക്കാന്‍ കഴിയാതെ വന്നതിന്റെ അരിശംകൊണ്ടാണ് കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു സമുദായത്തിന്റെ കുത്തുകയാക്കി വച്ചതായി ആരോപിക്കുന്നത്. വകുപ്പിലെ കൈയ്യിട്ടുവാരികളും, വിദ്യാഭ്യാസ വ്യവസായത്തിലെ ബിസിനസുകാരും തമ്മിലുള്ള ഈ വിഷയത്തില്‍ സോണിയക്ക് കത്തെഴുതിയിട്ട് ഒരു പ്രയോജനവുമില്ല. ഇറാക്കില്‍ ലോകത്തിലേ ഏറ്റവും വലിയ മത ന്യൂനപക്ഷ കശാപ്പും, പീഢനവും നടക്കുമ്പോള്‍ സ്വന്തക്കാരായ ക്രിസ്ത്യാനികളെ ഓര്‍ത്തെങ്കിലും കരയാന്‍ ഒരു തുള്ളി കണ്ണീരില്ലാത്തവരാണ് ഇത്തരത്തില്‍ കത്തുമെഴുതി നടക്കുന്നത്. മഹാ പാപമാണ് ഈ അവസരത്തില്‍ ചെയ്യേണ്ടതു ചെയ്യാതെ അനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൂട്ടുന്നത്. ഇതൊന്നും സഭാ വിശ്വാസികള്‍ക്കോ, ആല്മായര്‍ക്കോ വേണ്ടിയല്ല. സഭയുടെ അമരത്തുള്ളവരുടെ വിഷയങ്ങളും, കാര്യങ്ങളും, കോടികളുടെ പണമിടപാടുകളും ബിസിനസുകളും ഒക്കെയാണ്. വിശ്വാസികള്‍ക്ക് ഈ ചെയ്തുകൂട്ടുന്ന പാപത്തില്‍ പങ്കില്ല.
കത്തോലിക്കാ സഭയുടെ വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരികളെ പോലെ പെരുമാറുന്നതായി പിതാവ് സോണിയക്കയച്ച കത്തില്‍ തുടരുന്നു. കത്തോലിക്കാ സഭയോട് രാഷ്ട്രീയ നിലപാടു സ്വീകരിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നല്ല ഏതൊരു പാര്‍ട്ടിക്കും സ്വാതന്ത്ര്യമുണ്ട്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും, കസ്തൂരി രംഗന്‍ വിഷയത്തിലും കോണ്‍ഗ്രസിനോടും ചില നേതാക്കളോടും കേരളാ സര്‍ക്കാരിനോടും കത്തോലിക്കാ മതം രാഷ്ട്രീയ നിലപാടു സ്വീകരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോട് കൈക്കൊള്ളുന്ന രീതിയില്‍ പ്രതിരോധിച്ചും, അക്രമിച്ചും, പരിഹസിച്ചും, തോല്പ്പിച്ചും, കനത്ത എതിര്‍പ്രചരണങ്ങള്‍ നടത്തിയും കത്തോലിക്കാ സഭ കോണ്‍ഗ്രസ് പാര്‍ട്ടിയോടും സര്‍ക്കാരിനോടും നയം സ്വീകരിക്കുകയായിരുന്നു. മത സംഘടന പാര്‍ട്ടിക്കാരെ തെറിപറയുകയും അക്രമിക്കുകയും ചെയ്യുമ്പോള്‍ തിരിച്ച് അക്രമിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് കോണ്‍ഗ്രസിനും സി.പി.എമ്മിനുമെതിരെയൊക്കെ എന്തും പറയാം എന്ന അപ്രമാദിത്യം ഉണ്ടെന്ന ധാരണ പാടില്ല. കേരളത്തിലേ പ്രമുഖപാര്‍ട്ടികളേയും, സര്‍ക്കാരിനേയും മതവിശ്വാസികളേ ചൂണ്ടിക്കാട്ടി ചില ബിഷപ്പുമാര്‍ ഭീഷണിപ്പെടുത്തരുത്. അങ്ങിനെ ചെയ്താല്‍ തിരിച്ച് തല്ലും വിമര്‍ശനവും അക്രമവും ഏല്‍ക്കാനും തയ്യാറാകണം. സര്‍ക്കാരിലേയും, കോണ്‍ഗ്രസിലേയും മുന്‍നിര നേതാക്കള്‍ക്ക് അതിനുള്ള ത്രാണിയില്ലെങ്കിലും ബിഷപ്പുമാരെയും, മറ്റും വിമര്‍ശിക്കാനും കാര്യങ്ങള്‍ പറയാനും കരുത്തും ഉശിരുമുള്ള ചുണക്കുട്ടികള്‍ രംഗത്തുവരും. അവരുടെ വിമര്‍ശനം കേള്‍ക്കുപോള്‍ സഭയും അതിന്റെ നേതൃത്വവും അസ്വസ്തപെട്ടിട്ട് കാര്യമില്ല. കാരണം ഇതൊക്കെ രാഷ്ട്രീയക്കാരുടെ പരിപാടികളില്‍ പെട്ടകാര്യങ്ങളാണ്. അല്ലെങ്കില്‍ പിതാക്കന്മാര്‍ അരമന ഭരിച്ചും, മതം ഭരിച്ചും മാത്രം കഴിഞ്ഞുകൂടണം. തങ്ങള്‍ വിമര്‍ശിക്കുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന സ്വേച്ചാധിപതിയുടെ വാക്കുകളാണ് ആന്‍ഡ്രൂസ് താഴത്ത് സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ സാരം. പിതാവേ.... ഇത് കാനോന്‍ നിയമത്തില്‍ സഭ ഭരിക്കുന്ന സംസ്ഥാനമല്ല കേരളം. ഇവിടുത്തെ കോണ്‍ഗ്രസിലും മാര്‍ക്‌സിസ്റ്റിലും, കേരള സര്‍ക്കാരിലും നിങ്ങള്‍ക്ക് ആവശ്യപ്പെടുന്ന സ്വാധീനം വേണമെന്ന് വാദിക്കാന്‍ കര്‍ദ്ദിനാളും, ബിഷപ്പുമല്ല നാടുഭരിക്കുന്നത്. നാനാ ജാതി, മത, സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സര്‍ക്കാരും, കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഒരു കത്തോലിക്കാ മതത്തിന്റെ പ്രചാരകരും പ്രീണനക്കാരുമായി അവരൊക്കെ മാറണം എന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്, മറ്റ് മതങ്ങള്‍ക്കെതിരാണ്. നാണമില്ലേ കത്തോലിക്കാ സഭയുടെ നേതാക്കള്‍ക്ക് സമൂഹത്തില്‍ ഇത്തരം കലഹങ്ങളും വേര്‍തിരിവുകളും ഉണ്ടാക്കാന്‍. മാന്യമായി ജീവിക്കുന്ന ക്രിസ്ത്യാനിക്ക് പേരുദോഷമുണ്ടാക്കാന്‍ സഭാ പിതാക്കന്മാര്‍ നടത്തിവരുന്ന ക്രിസ്ത്യന്‍ വര്‍ഗീയതയാണിത്. അതൊന്നും ക്രിസ്ത്യാനിക്കും അല്മായര്‍ക്കും വേണ്ടിയല്ല. ഈ വര്‍ഗ്ഗീയതയില്‍ വിശ്വാസികള്‍ക്ക് പങ്കും ഇല്ല.
പല മത വിഭാഗങ്ങളിലുള്ള ആളുകള്‍ അംഗങ്ങളായുള്ള കോണ്‍ഗ്രസും, മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരും തങ്ങളുടെ ചൊല്പ്പടിയില്‍ നില്ക്കണം എന്ന രീതിയില്‍ സോണിയക്ക് കത്തെഴുതുകയെന്നത് കേരളത്തിലേ മറ്റ് മതങ്ങള്‍ക്കെതിരായ നീക്കമാണ്. മറ്റ് മത വിഭാഗക്കാരുടെ ശത്രുതയും സമൂഹത്തില്‍ അസ്വസ്തതയ്ക്കുമേ ഇത്തരം കത്തെഴുത്തുകള്‍ ഇടവരുത്തൂ. മത സൗഹാര്‍ദ്ദത്തിനും, മതേതരത്വത്തിനും, സമാധാനത്തിനും ഉതകുന്ന നിലപാടല്ല ആന്‍ഡ്രൂസ് പിതാവിന്റെ കത്തെഴുതല്‍. കേരളത്തിലേ സര്‍ക്കാരിനേയും, കോണ്‍ഗ്രസിനേയും കേറി അങ്ങ് ഭരിക്കണം എന്ന രീതിയില്‍ സഭ ഇടപെടുമ്പോള്‍ ഈ നാട്ടിലേ മഹാ ഭൂരിപക്ഷം വരുന്ന മറ്റ് മത വിഭാഗക്കാരുടെ വികാരത്തേ എന്തുകൊണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ കാണുന്നില്ല. ഈ സംവിധാനങ്ങള്‍ എല്ലാം മറ്റ് മത വിഭാഗക്കാരുടേതു കൂടിയാണ്. അല്ലെങ്കില്‍ സഭ നിലവിലേ കേരളാ കോണ്‍ഗ്രസിലൂടെയോ, ഒരു പുതിയ കത്തോലിക്കാ പാര്‍ട്ടിയിലൂടെയോ കേരളത്തിന്റെ ഭരണം കൈക്കലാക്കിയിട്ട് വരട്ടെ. കേന്ദ്രത്തില്‍ ബി.ജെ.പിയേ സംഘപരിവാറും ആര്‍.എസ്.എസും അധികാരത്തില്‍ എത്തിച്ചപോലെ സഭയും ഒരു പാര്‍ട്ടി ഉണ്ടാക്കി ഭരണം പിടിക്കട്ടെ. എന്നിട്ട് അവരിലൂടെ ഭരിക്കട്ടെ. അല്ലാതെ സഭയുടെ നിലവിലേ ഇടപെടലുകള്‍ ഈ നാട്ടില്‍ ഭൂരിപക്ഷം വരുന്ന മറ്റ് മതക്കാരെ വേദനിപ്പിക്കാനും അവരെ വിഭാഗീയമായി കൂടുതല്‍ ചിന്തിപ്പിക്കാനുമേ ഇടവരുത്തൂ. കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെയും, സഭാ നേതാക്കളുടെയും തൂവാലയല്ല. എല്ലാ മത വിഭാഗക്കാര്‍ക്കും അവകാശപ്പെട്ട പാര്‍ട്ടില്‍ കയറി നിരങ്ങാം എന്ന മോഹം ബിഷപ്പുമാര്‍ കളയണം.
കേരളത്തിലെ മറ്റ് മതക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന സര്‍ക്കാരിലേയും രാഷ്ട്രീയ പാര്‍ട്ടികളിലേയും ഇടപെടല്‍ ഏറെ കാലമായി സഭ നടത്തുന്നു. സഭ ഒന്നു കരുതണം. സഭയുടെ താക്കീതുകള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങുന്ന സര്‍ക്കാരിനേയും, പാര്‍ട്ടികളേയും കേരളത്തിലേ ജനസമൂഹം തള്ളിക്കളയും. മറ്റ് മത വിഭാഗം ബഹിഷകരിക്കും. അതാണ് നിലവിലേ കത്തോലിക്കാ സഭയുടേയും ബിഷപ്പുമാരുടേയും കേരള സമൂഹത്തിലേയും ജനങ്ങളിലേയും സ്ഥാനം എന്ന് പിതാക്കന്മാര്‍ ഓര്‍ക്കണം. സഭ വിമര്‍ശനത്തിന് അതീതമായതല്ല. വിമര്‍ശനത്തിനും എതിര്‍ക്കപ്പെടലിനും വിധേയം തന്നെയാണ്. സഭയ്ക്ക് മറ്റുള്ളവരെ തോല്പ്പിക്കാം, ശത്രുത പറയാം, ആരോപിക്കാം, വിമര്‍ശിക്കാം, വിധിക്കാം, ഇല്ലാതാക്കാം....എന്നാല്‍ സഭയ്‌ക്കെതിരെ ജനാധിപത്യ രീതിയില്‍ തിരിച്ചും അക്രമം വരുമ്പോള്‍ ഇതു ദൈവീക പ്രസ്ഥാനമാണ് ദൈവത്തിനു മാത്രമേ ഞങ്ങളില്‍ നിയന്ത്രണമുള്ളൂ എന്നും പറയുന്നത് നടപ്പുള്ള കാര്യമല്ല. അതു ഞായറാഴച്ച പ്രസംഗത്തില്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ചെളീയെറിയുന്നവര്‍ തിരിച്ചും ഏറുവാങ്ങിക്കാന്‍ തയ്യാറായിക്കൊള്ളണം. ക്രിസ്തുവിനേയും ക്രിസ്ത്യാനിയേയും അതിനു കൂട്ടുപിടിക്കേണ്ട. പിതാക്കന്മാര്‍ സ്വയം വരുത്തുന്ന വിനകളും വിനാശവും അവര്‍ക്കുതന്നെ അനുഭവിക്കാന്‍ വിശ്വാസികള്‍ വിട്ടുകൊടുക്കണം, കൂട്ടുനില്ക്കരുത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിക്കാമായിരുന്ന തൃശൂര്‍, ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ കോണ്‍ഗ്രസിനേ തോല്പ്പിച്ചത് ഞങ്ങളുടെ പണിയാണെന്നും സോണിയക്ക് അയച്ച കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനോട് താല്പര്യം ഇല്ലാത്തതിനാല്‍ തോല്പ്പിച്ചശേഷം പിന്നെയും ആ പാര്‍ട്ടിയുടെ ഔദാര്യത്തിനായി എന്തിനാ കത്തോലിക്കാ സഭ സോണിയയുടെ മുന്നില്‍ യാചിക്കുന്നത്. തോല്പ്പീരും കഴിഞ്ഞിട്ട് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അപ്പക്കഷണത്തിനായി സഭയിലേ ചിലര്‍ എരന്നും ഇരുന്നും തെണ്ടുകുകയാണ്. പ്‌ളസ്ടു സീറ്റുകളും, യൂണിവേഴ്‌സിറ്റി ഭരണവും, വിദ്യാഭാസ രംഗവുമൊക്കെ സഭയുടെ സര്‍ക്കാരിനോടുള്ള യാചനാ കേന്ദ്രങ്ങളായി മാറുന്നു. കോണ്‍ഗ്രസില്‍നിന്നും സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അവരെ തകര്‍ത്തും നശിപ്പിച്ചും പാഠം പഠിപ്പിച്ചുമല്ല. ഈ സര്‍ക്കാരില്‍നിന്നും എന്തെങ്കിലും വളഞ്ഞ വഴിയില്‍ കൈക്കലാക്കാന്‍ കിട്ടിയ അവസരം കളഞ്ഞു തുലച്ചതിനു ആന്‍ഡ്രൂസ് താഴത്ത് പിതാവ് കത്തെഴുതേണ്ടിയിരുന്നത് ഇടുക്കി, താമരശേരി ബിഷപ്പുമാര്‍ക്കായിരുന്നു. ഇനി കത്തോലിക്കാ സഭ ചെയ്യേണ്ടത് തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും തോല്പ്പിക്കണം. അതാണ് ചെയ്യേണ്ടത്. അല്ലാതെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പ്പിച്ച കത്തോലിക്കാ സഭ യാതൊരു ഉളുപ്പുമില്ലാതെ ഇവിടുത്തെ നേതൃത്വത്തിനെതിരേ സോണിയക്ക് കത്തെഴുതുകയല്ല വേണ്ടത്. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ ശവഘോഷയാത്രയും, ഒപ്പീസും ചൊല്ലി മണ്ണില്‍ കുഴിച്ചിട്ട കത്തോലിക്കാ സഭയ്ക്ക് ഉളിപ്പില്ലേ ഇപ്പോഴും കോണ്‍ഗ്രസിന്റെ വാലാട്ടിയായി തുടരാന്‍. രാഷ്ട്രീയകാരേക്കാള്‍ അവസരവാദികളായി മെത്രാന്മാരും സഭാ നേതാക്കളും തരം താഴരുത്. ബിസിനസ് കൊഴുപ്പിക്കാന്‍ യാചനയും, വഴങ്ങിയില്ലെങ്കില്‍ ഭീഷണിയുമായി ഇറങ്ങുന്നത് ഗുണ്ടാ സ്‌റ്റൈലില്‍ ആണെന്ന് തോന്നിപോവുകയാണ്. സഭയ്ക്ക് ഉളിപ്പില്ലെങ്കില്‍ കോണ്‍ഗ്രസും കേരളത്തിലേ സര്‍ക്കാരും ഇവരെ ആട്ടിപുറത്താക്കുകയാണ് വേണ്ടത്. കേരളത്തിലേ ന്യൂനപക്ഷവും ഭൂരിപക്ഷവും സഭക്കെതിരെ നിലപാടെടുത്താല്‍ ഈ സര്‍ക്കാരിനെ അനുകൂലിക്കുകയേയുള്ളു.
ഇടുക്കിയിലും, തൃശൂരും, ചാലക്കുടിയിലും കോണ്‍ഗ്രസിനെ തോല്പ്പിച്ചുവെന്ന് അഭിമാനിക്കുന്ന സഭ എന്തു നേടി?. എന്തെങ്കിലും നേടിയായിരുന്നേല്‍ ഇപ്പോള്‍ കരഞ്ഞുപിഴിഞ്ഞ് കത്തെഴുതുമായിരുന്നോ?.. കേരളത്തിലേ കത്തോലിക്കര്‍ പിതാക്കന്മാരുടേയും സഭയുടേയും ആജ്ഞാനുവര്‍ത്തികളാണെന്ന് കരുതരുത്. സി.പി.എമ്മിനെതിരെ വോട്ടുചെയ്യാന്‍ പല തിരഞ്ഞെടുപ്പിലും പള്ളികളില്‍ ദ്വയാര്‍ഥത്തില്‍ ആഹ്വാനമുണ്ടായിട്ടും ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പലപ്പോഴും ഇടതുപക്ഷം ജയിച്ച ഒരുപാട് ഉദാഹരണം ഉള്ളതൊന്നും ആരും മറക്കരുത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഭയുമായി നല്ല ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും കിട്ടുന്ന സമയം കൊണ്ട് പണം വാരികൂട്ടാനാണ് താല്പര്യമെന്നും ഈ നില തുടര്‍ന്നാല്‍ സഭ കടുത്ത നിലപാട് എടുക്കുമെന്നു ആന്‍ഡ്രൂസ് താഴത്ത് സോണിയക്കുള്ള കത്തില്‍ പറയുന്നു. പിതാവ് നല്ല ബന്ധം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കേരള സമൂഹത്തോട് പറയണം. ചോദിക്കുന്നിടത്തെല്ലാം, സ്‌കൂളും കോളേജ്ജും, സീറ്റുകളിലേ വര്‍ദ്ധന, ഫീസ് കൂട്ടല്‍, നികുതിയിളവുകള്‍ തുടങ്ങിയ നല്ല ബന്ധമാണോ?. അരമനയില്‍ എത്തുകയും എല്ലാ തീരുമാനം എടുക്കുന്നതിനു മുമ്പും കൈമുത്തുകയും ആശീര്‍വാദം വാങ്ങുകയുമാണോ?. നല്ല ബന്ധം എന്നാല്‍ നല്ല കൂട്ടുകൂടല്‍ എന്നാണല്ലോ..അത് എന്തിനാണെന്നും എങ്ങനെ വേണമെന്നും സഭ വിശ്വാസികള്‍ എങ്കിലും അറിയാന്‍ പറയണം. കോണ്‍ഗ്രസിനേതിരെ ഇനിയും കടുത്ത നിലപാടു സ്വീകരിക്കും എന്നും പറയുന്നു. ഇപ്പോള്‍ വീണ് തറയോളം ചേര്‍ന്നു അവശനിലയില്‍ കിടക്കുന്ന സോണിയയുടെ കോണ്‍ഗ്രസിനേ ഒന്നുകൂടി നശിപ്പിക്കാന്‍ എന്തായുധമാണ് സഭാ മക്കള്‍ അറിയാത്തത് അരമനകളില്‍ ഉള്ളത്?. കോണ്‍ഗ്രസ് തകര്‍ന്നുകഴിഞ്ഞു.
കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടയും അതിന്റെ പ്രസിഡന്റുമായ ആന്‍ഡ്രൂസ് താഴത്തും ഈ പാര്‍ട്ടിയെ ഇനിയെന്ത് തകര്‍ക്കാനാണ്. ഈ പിതാക്കന്മാര്‍ക്കും സഭയുടെ വക്താക്കള്‍ക്കും എന്താണ് കോണ്‍ഗ്രസിനോട് ഇത്ര അരിശം. ഒരിക്കല്‍ കസ്തൂരി രംഗന്‍ വിഷയമായിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ പണ്ട് തിളച്ച സഭയുടെ രക്തം തണുത്തുപോയി. കുഞ്ഞാടുകളെ കസ്തൂരിയില്‍ ഉപേക്ഷിച്ചു. കേന്ദ്രത്തില്‍ ഒരു സ്ഥാനവും, അധികാരവും ഇല്ലെങ്കിലും ഇപ്പോഴും പോര് കോണ്‍ഗ്രസിനോട് തന്നെ. കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാട് സ്വീകരിക്കും എന്ന് എന്തിനു പറയുന്നു, ആ നിലപാട് ഈ മതത്തിന്റെ നേതാക്കള്‍ സ്വീകരിച്ചുകഴിയുകയും അവരെ പല സീറ്റിലും തോല്പ്പിക്കുകയും ചെയ്തല്ലോ. ഇഷ്ടമില്ലാത്ത കോണ്‍ഗ്രസിനെ അങ്ങ് തള്ളി കളഞ്ഞ് സി.പി.എമ്മിനോട് സ്വീകരിച്ചുകൂടെ സഭയ്ക്ക്. അതെന്താ ചെയ്യാത്തത്. ഭരണത്തിന്റെ ചൂടും ചൂരും പറ്റുവാന്‍ സഭയുടെ അമരത്തുവരുടെ വെപ്രാളം ജനങ്ങള്‍ കാണുന്നുണ്ട്.
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/TEzgbRnk/9#sthash.ERW0yWdY.V600zjHB.dpuf