Search This Blog

Monday, October 7, 2013

മക്കൾ സാഹിത്യങ്ങൾ

മക്കളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും സമൂഹത്തില്‍ അവനവന്റെ സ്റ്റാറ്റസ് കുറയ്ക്കുന്ന പരിപാടിയാണോ?. സ്വന്തം മക്കളെ സ്വന്തം കൈകളിലിട്ടു വളര്‍ത്തുന്നതില്‍ സമൂഹത്തില്‍ അന്തസു കുറയ്ക്കുന്നുണ്ടോ?. ഇതെഴുതുന്നത് ഈയിടെയായി ഫേസ്ബുക്കില്‍ മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വരുന്ന ചില പോസ്റ്റുകള്‍ വായിക്കനിടയായതുകൊണ്ടാണ്. പ്രധാനമായും ഗള്‍ഫ് ഇതര രാജ്യത്തിലേ മലയാളി പിതാക്കന്മാര്‍ക്ക് നേരെയാണ് വീട്ടില്‍ മക്കളെ നോക്കുന്നതിനെതിരെ കളിയാക്കി ഹാസ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കില്‍ മാത്രമല്ല യു.കെയില്‍ നിന്നും അയര്‍ലന്റില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ മലയാളം പത്രങ്ങളിലും കുട്ടികളെ പിതാക്കന്മാര്‍ വീട്ടില്‍ നോക്കുന്നതിനെതിരെ ഹാസ്യ കൃതികളും മറ്റും വരുന്നു. പ്രവാസി ഡോക്യുമെന്ററികളില്‍ പലപ്പോഴുംഅപ്പന് കുട്ടികളെ നോട്ടമാണ് പണി അല്ലേ എന്നത് വിഷയമാവുന്നു. സ്വന്തം പിതാവിന്റെ സ്വന്തം മക്കളാണ്, ഇത്തരം മൗലീകമായ കാര്യങ്ങള്‍ക്കെതിരായ ക്രൂരതകള്‍ നിര്‍ത്തിക്കൂടേ!... ഇത്തരം സാഹിത്യങ്ങള്‍ എന്ത് സന്ദേശവും, നന്മയുമാണ് സമൂഹത്തിന് കൊടുക്കുന്നത്. ലോകത്തില്‍ മക്കളെ വളര്‍ത്തുന്നതിലും അവരെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലേക്ക് കൈപിടിച്ച് കയറ്റുന്നതിനും അപ്പനും അമ്മയും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു കുട്ടി ജന്മമെടുത്താല്‍ എല്ലാവിധ ദൈനം ദിന ചര്യകളിലും അപ്പനും അമ്മയ്ക്കുംഅവരുടേതായ കര്‍ത്തവ്യങ്ങള്‍ ചെയ്യാനുണ്ട്. അമ്മ മാത്രമാണ് മക്കളെ വളര്‍ത്തേണ്ടത് എന്നും പിതാവ് എല്ലാ ദിവസവും രാത്രിയില്‍ വന്ന് എത്തിനോക്കിയാല്‍ മതിയെന്നുമുള്ള ഒരു കാഴ്ചപ്പാട് മലയാളികളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാവ് വളര്‍ത്തുകയും അപ്പന്‍ എത്തിനോക്കുകയും ചെയ്യുന്ന നാട്ടിന്‍ പുറത്തേ ശീലത്തില്‍ വളരുകയും അതാണ് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതില്‍ പിതാവിന്റെ കടമയെന്ന് പഠിക്കുകയും ചെയ്ത ഒരു സംസ്‌കാരം നമ്മള്‍ മലയാളികളില്‍ എവിടെയൊക്കയോ ഒളിഞ്ഞുകിടപ്പുണ്ട്.തന്റെ വളര്‍ച്ചയില്‍ പിതാവിന്റെ സ്ഥാനം കണ്ട് ശീലിച്ച , പാഠമാക്കിയ ചിലര്‍ അത് ശീലവും ശരിയുമായി മുറുകെ പിടിക്കും. അതില്‍ നിന്നുമാണ് ഇത്തരം മോശം കളിയാക്കലുകള്‍ വിദേശത്ത് മക്കളെ മാതാവിനൊപ്പം സജീവമായി തുല്യ സ്ഥാനം പങ്കിട്ട് പരിപാലിക്കുന്ന പിതാക്കന്മാര്‍ക്കെതിരെ അരങ്ങേറുവാന്‍ കാരണം. ചിലര്‍ക്ക് ചിലതെല്ലാം ജീവിത ശീലവും ശൈലിയുമാണ്. തെറ്റായാലും അതൊന്നും മാറ്റാനും മറ്റും കഴിയില്ല. തെറ്റായ നാട്ടിന്‍ പുറത്തേ ചില ശീലങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാല്‍ പോലും അത് തെറ്റാണെന്നും അതിനൊക്കെ അപ്പുറത്ത് ലോകത്തിലെ ചില നല്ല ക്രമങ്ങള്‍ ഉണ്ടെന്ന് കാണുകയും മനസിലാക്കുകയും വേണം.അപ്പന്റെകൂടി ലാളനവും പരിപാലനവും വളര്‍ച്ചയുടെ ഓരോ ചുവടിലും ഒരു കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും വലിയഭാഗ്യമാണ്. അതൊന്നും കിട്ടാതിരുന്ന ഒരു വ്യവസ്ഥിതിയില്‍ ജീവിച്ച് വളര്‍ന്നവര്‍ അതുതന്നെയാണ് മലയാളികളുടെ സംസ്‌കാരവും ശരിയെന്നും ഇനിയെങ്കിലും പ്രചരിപ്പിക്കരുത്. ഇത്തരം അസ്തിത്വ ശ്യൂന്യര്‍ പറഞ്ഞുപരത്തിയ തെറ്റുകള്‍ക്ക് പരസ്യമായി മാപ്പെഴുതി തിരുത്തുവാന്‍ തയ്യാറാകണം. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ ലക്ഷകണക്കിനാണ് മലയാളികള്‍ പ്രവാസികളായുള്ളത്. ഗള്‍ഫില്‍ നിന്നും വ്യത്യസ്തമായി മഹാഭൂരിപക്ഷം പേരും യൂറോപ്പിലും, അമേരിക്കയിലും, ഓസ്‌ടേലിയയിലും കുടുംബമായാണ് കഴിയുന്നതും. അത് ഒരു മനുഷ്യ ജീവിതത്തിലേ തന്നെ ഏറ്റവും മഹത്തായ കാര്യവുമാണ്. ഗള്‍ഫിലേതുപോലെ പാശ്ചാത്യ രാജ്യങ്ങളില്‍ നാട്ടില്‍നിന്നും വീട്ടുപണിക്കും മറ്റും ആളുകളെ കൊണ്ടുവരാനാകില്ല. പകരം വീട്ടുകാര്യങ്ങള്‍ മുഴുവനും നിര്‍വ്വഹിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും മാത്രമാണ്. ഇവര്‍ക്കിടയില്‍ അയല്പക്കക്കാരോ, സുഹൃത്തുക്കളോ, ബന്ധുക്കളോ ആരുമില്ല. വീട്ടിലിരുന്ന് മാത്രമായി ആര്‍ക്കും പാശ്ചാത്യ രാജ്യത്തേ ചിലവുകളും മറ്റും താങ്ങാനാവില്ല. മാത്രമല്ല എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളെസ്‌കൂളില്‍ കൊണ്ടുപോകേണ്ടതും തിരികെ കൊണ്ടുവരേണ്ടതും മാതാപിതാക്കളുടെ നിര്‍ബന്ധമായുള്ള ചുമതലയാണ്. അത് നിയമമാണ്. കുട്ടികളെ വീട്ടിലോ വാഹനത്തിലോ തനിച്ച് ഒരു സമയവും ഇരുത്താന്‍ പാടില്ല. ഇതിനെല്ലാം പുറമേ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍, ഷോപ്പിങ്ങ്, രോഗം വന്നാലുള്ള കാര്യങ്ങള്‍ എല്ലാം നോക്കേണ്ടത് അപ്പനും അമ്മയും മാത്രമാണ്. കുട്ടികളുടെ പരിചരണത്തില്‍ നിര്‍ബന്ധിതവും കര്‍ശനവുമായ ഉത്തരവാദിത്വം നിയമപരമായിതന്നെ മാതാപിതാക്കളില്‍ ഏല്പ്പിക്കപ്പെട്ടിരിക്കുകയാണ്. ചെറിയ കാര്യങ്ങളില്‍ പോലും നിയമ നടപടിയും, രാജ്യം കടത്തലും, ജയിലും, പ്രോസിക്യൂഷനും നേരിടുന്ന മലയാളികളായ മാതാപിതാക്കള്‍ തന്നെ പാശ്ചാത്യലോകത്ത് നിരവധിയാണ്. ഇതാണ് വ്യവസ്ഥിതി. ഒരു മലയാളിക്ക് നാട്ടിലേ പിതാവിനേപോലെ ജീവിക്കണമെന്ന് വയ്ച്ചാല്‍ പോലും നടക്കില്ല. ഒരാള്‍ മറ്റൊരു രാജ്യത്തു ചെല്ലുമ്പോള്‍ അവിടുത്തേ നിയമങ്ങളാണ് അയാളെ ഭരിക്കുക. അവിടുത്തേ നിയമം അനുസരിക്കണം. അവിടുത്തേ ചില ശീലങ്ങള്‍ പകര്‍ത്തേണ്ടതായും വരും.അതിലൊന്നും മഹാല്‍ ഭുതം ഒന്നുമില്ല. എല്ലാ ശീലങ്ങളും പകര്‍ത്തി വഴിതെറ്റിപോകുന്നത് അവനവന്റെ കൈയ്യിലിരുപ്പുകൊണ്ടാണ്. അതും സംഭവിക്കാം. എന്തായാലും അമ്മ ജോലിക്ക് പോകുമ്പോള്‍ പിതാവ് സ്വന്തം കുട്ടിയേ അതിന്റെ ദൈനം ദിനകാര്യങ്ങള്‍ എല്ലാം നോക്കി പരിപാലിക്കുന്നതില്‍ മലയാള സമൂഹത്തിനും കേരള സംസ്‌കാരത്തിനും അപമാനവും അപകടവും ഒന്നും ഉണ്ടാക്കില്ലെന്നാണ് എന്റെ അഭിപ്രായം. യാതൊരു സങ്കടകരവുമല്ല അത്. അതോ നമ്മുട നാട്ടില്‍ നിന്നു വരുന്ന വാര്‍ത്തകളിലേ ക്രൂരതകളോപിഞ്ചോമനകളോട് അനുവര്‍ത്തിക്കേണ്ടത്?. വീട്ടുജോലിയും, വീടു വൃത്തിയാക്കലും, അടുക്കളപ്പണിയും , തുണികഴുകലും ഒക്കെ സ്ത്രീകള്‍ക്ക് മാത്രമല്ല ഗ്രഹനാഥനും കൂടിചെയ്യേണ്ടതുതന്നെയാണ്. ജനാധിപത്യം നാട്ടില്‍ മാത്രം പുലര്‍ന്നാല്‍ പോരാ അതു നമ്മളിലും നമ്മുട എല്ലാ രംഗത്തും കൂടി വേണം. എന്നിട്ടുവേണം നമ്മള്‍ മൂല്യവും , ച്യുതിയുമൊക്കെ പ്രസംഗിക്കാനും തട്ടിവിടാനും. വീട്ടിലേ എല്ലാ കാര്യത്തിലും ഭര്‍ത്താവിന് പങ്കാളിത്തമൊന്നും വേണ്ടന്ന് കരുതുന്നവര്‍ പഴയ നാടുവാഴിത്വത്തിലും, ജന്മിത്വത്തിലും ഒക്കെ മുങ്ങി കിടക്കുകയാണ്. വീട്ടില്‍ പിതാവിന് യജമാനത്വവും, മാതാവിന് ദാസ്യപ്പണിയും എന്നത് പഴയ പ്രാകൃത രീതിയാണ്. ഫ്യൂഡല്‍ വ്യവസ്ഥിതിതന്നെയാണത്. സ്വന്തം കുട്ടിയേ സ്വയം ഭക്ഷണം കഴിക്കാനും, ടോയ്‌ലറ്റില്‍ പോകാനും ആകുംവരെ ഏതെങ്കിലും..., ആരെങ്കിലും.... ഒരുവാടകക്കാരെ ആശ്രയിക്കുന്നത് തന്നെയാണ് നല്ലതല്ലാത്ത ശീലവും ശൈലിയും. ഈ ശീലത്തിന്റെ മൂര്‍ത്തീഭാവമാണ് പിതൃത്വത്തിനും ഗര്‍ഭം ചുമക്കാനും ശേഷിയുണ്ടായിട്ടും വാടക ഗര്‍ഭപാത്രങ്ങളില്‍ സ്വന്തം ശിശുവിനെയിട്ടുവളര്‍ത്തുന്ന നടന്നുകൊണ്ടിരിക്കുന്ന കാലികമായ സത്യങ്ങള്‍.

No comments:

Post a Comment