Search This Blog

Wednesday, November 20, 2013

കലാപത്തിന്റെ ബാക്കിപത്രം. കൊട്ടിയൂരിൽ നാട്ടുകാർ ജയിലിലേക്ക്. പുരുഷന്മാരെല്ലാം ഒളിവിൽ, മുഖ്യധാരാ മാധ്യമങ്ങൾ മറയ്ക്കുന്നത്.


കൊട്ടിയൂരിൽ ജനങ്ങളെ ശാന്തരാക്കുവാൻ 15നു പുലർച്ചെ ജില്ലാകലക്ടറും, പോലീസ് സൂപ്രണ്ടും എഴുതി ഒപ്പിട്ടുനൽകിയ രേഖ.ഇതോടെയാണു തടഞ്ഞുവച്ച പോലീസുകാരെയും, ബന്ദികളാക്കിയ വനം പരിസ്ഥിതി ഉദ്യോഗസ്ഥരെയും മോചിപ്പിച്ചത്.
''കേരളപ്പോലീസു ഞെട്ടിയത് 2013 നവംബര്‍ 14നു രാത്രിയിലാണു. ഡി.ജി.പി.യും യും ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും ഉറങ്ങാത്ത രാത്രി. ഒരു രാത്രി മണിക്കൂറുകള്‍കൊണ്ട് നൂറുകണക്കിനു പോലീസുകാരെ അടിച്ച് കാല്‍നടയായി വാഹനം പോലും ഉപേഷിച്ച് 3കിലോമീറ്റര്‍ അപ്പുറത്തേക്ക് ഓടിക്കുക, പോലീസിന്റെ ബസുകള്‍ ഉള്‍പ്പെടെ 11വാഹനങ്ങള്‍ കത്തിക്കുക, ഒരു കെ.എസ്.ആര്‍ ടി സി ബസ്, പോലീസ് ബൈക്ക്, വനം ഓഫീസും, 3ക്വാട്ടേഴ്സുകളും കത്തിക്കുക, ഫയര്‍ ഫോഴ്സിന്റെ വാഹനം, എസ്.പിയുടെ വാഹനം ഉള്‍പ്പെടെ നിരവധി വാഹനം വേറെയും തകര്‍ക്കുക, എസ്.പി. കലക്ടര്‍ , എം.എല്‍ .എ തുടങ്ങിയവരെ 3കിലോമീറ്റര്‍ അപ്പുറത്ത് രാത്രിമുഴുവന്‍ നിര്‍ത്തുക, റോഡുകള്‍ നിറയെ അഗ്നികുഢങ്ങള്‍ തീര്‍ത്തും മരം വെട്ടിയുട്ടും ഗതാഗതം പൂര്‍ണ്ണമായും തടയുക, സഭവം റിപ്പോര്‍ട്ട് ചെയ്യുവാനും ചിത്രത്തിനും ചെന്ന മുഴുവന്‍ പത്രക്കാരെയും തല്ലിയ്യോടിക്കുക, ചാനലുകാരെ 3കിലോമീറ്റര്‍ അപ്പുറത്ത് തടഞ്ഞ് കൊട്ടിയൂര്‍ കാണിക്കാതിരിക്കുക, കലാപത്തിന്റെ ഒരു ചിത്രവും വിഷ്വലും ഇല്ലാതാവുക...എസ് പി, ഡിവൈ എസ്.പി ഉള്‍പ്പെടെ 30ലധികം പോലീസുകാര്‍ക്ക് പരിക്ക്, 4കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥരെ ബന്ദികളാക്കുക, ഇതു നടന്നത് കാശ്മീരിലും, ആസാമിലുമൊന്നുമല്ല. കേരളത്തിന്റെ കൊട്ടിയൂര്‍ എന്ന പഞ്ചായത്തിലേ ചുങ്കക്കുന്ന് എന്ന കൊച്ചു ഗ്രാമത്തിലാണു. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ കേഡര്‍ സമരത്തില്‍ പോലും , ആന്ധ്രയിലേ സസ്ഥാന വിഭജന കലാപത്തില്‍ പോലും ഒരു ചുരുങ്ങിയ സ്ഥപരിധിക്കുള്ളില്‍ മണിക്കൂറുകൊണ്ട് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ''
ഇതിനു പിന്നിലേ കാരണങ്ങളിലേക്കും യഥാര്‍ഥ ഗൂഢാലോചന കേന്ദ്രങ്ങളിലേക്കും എത്താതെ സര്‍ക്കാരും അഭ്യന്തിര വകുപ്പും ഇപ്പോള്‍ നടത്തുന്ന നാട്ടുകാരേ തകര്‍ക്കാം എന്ന വിധത്തിലുള്ള ഈക്കളി ഒരു തീക്കളിതന്നെയാകും. തീകാണാനും, യഥാര്‍ഥ സമരത്തിനും പോയ ആയിരക്കണക്കിനു ആളുകളെ പീഠിപ്പിക്കുന്നതും അവരെ ഗ്രാമത്തില്‍ ഉറങ്ങാന്‍ സമ്മതിക്കാത്തതും തീക്കൊള്ളികൊണ്ട് ചൊറിയലാകും. കണ്ണൂരിലേ മലയോരത്തേ ജനങ്ങളുടെ മനസ് വീണ്ടും വൃണപ്പെടുത്തുകയാണു.
അക്രമം നടത്തിയവരെയും, ജനത്തേ മറയാക്കി നിര്‍ത്തിയവരെയും തിരഞ്ഞ് പിടിക്കണം. ഞാന്‍ പൂര്‍ണ്ണമായും കരുതുന്നു നിരപരാധികളായ നാട്ടുകാരെ പോലീസ് വാശികേറി പിടിക്കും. കോടികളുടെ നഷ്ടം കെട്ടിക്കും. ഒടുവില്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയ കാരണം പറഞ്ഞ് കേസുകള്‍ മുഴുവന്‍ പിന്‍ലിക്കും. സര്‍ക്കാര്‍ ഈ കേസുകള്‍ പിന്‍ വലിച്ചിലെങ്കില്‍ അടുത്ത എല്‍ .ഡി.എഫ് സര്‍ക്കാരിനു ഈ കേസുകള്‍ മുഴുവന്‍ പിന്‍ വലിക്കുവാന്‍ മലയോരത്തേ കോണ്‍ഗ്രസിന്റെ കുഞ്ഞാടുകള്‍ ബാലറ്റിലൂടെ അവസരം നല്‍കും. നാടുകാര്‍ക്കെതിരായ കേസുകള്‍ക്ക് നിലനില്‍പ്പുണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ട് അറസ്റ്റിലാകുന്നവരും ജയിലില്‍ പോകുന്നവരും ഭയക്കേണ്ട. എന്നാല്‍ യ്ഥാര്‍ഥ കലാപകാരികളെ കണ്ടെത്തിയാല്‍ സ്ഥിതി മാറും.ഇതിനു പിന്നിലേ വന്‍ ഗൂഢാലോചന പുറത്തുവരേണ്ടതാണു. അക്രമം കാട്ടിയ ആളുകളെ നിയമത്തിന്റെ ഏറ്റവും പരമാവധി ശിക്ഷയിലേക്കും ജയിലിലേക്കും എറിയപ്പെടേണ്ടതാണു. പോലീസ് അതല്ല ചെയ്യുന്നത്. നിരപരാധികളും നാട്ടുകാരും ഈ കേസില്‍ കുടുങ്ങുന്നതോടെ കേസിനു വീര്യം കുറയും, പരാജയപ്പെടും.  
 
നവംബര്‍ 14 ബുധനാഴ്ച്ച രാത്രി കൊട്ടിയൂര്‍ ഗ്രാമത്തിനു മറക്കുവാന്‍ ഒരിക്കിലും പറ്റാത്ത രാത്രി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ആദ്യ കലാപം. ഞടുക്കം വിട്ടുമാറാതെ ഇപ്പോഴും ഈ പ്രദേശം ഭീതിയിലാണു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു കലാപം കേട്ടിട്ടുണ്ടാകില്ല. ഈ കലാപത്തിന്റെ യഥാര്‍ഥ ചിത്രവും സംഭവവും ഇനിയും പുറത്തുവന്നിട്ടില്ല. പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ നല്‍കേണ്ടായെന്ന തീരുമാനത്തിലാണു. റിമാണ്ടിലാകുന്ന നാട്ടുകാരുടെ പേരുകള്‍ ലോക്കല്‍ പേജിലൊതുക്കി പത്രങ്ങള്‍ നിശബ്ദമാകുന്നു. കൊട്ടിയൂരിലേ ഒരു സംഭവവും ഇപ്പോള്‍ പുറത്തുവരുന്നില്ല. കൊട്ടിയൂര്‍ ഭീതിയിലായിരിക്കുന്നു. ഇപ്പോള്‍ പോലീസിന്റെ തേര്‍വാഴ്ച്ചയാണു. ആയിരക്കണക്കിനു വീടുകള്‍ കാലിയായി കിടക്കുന്നു. ജനങ്ങള്‍ അറസ്റ്റ്, പോലീസ് നടപടിയും ഭയന്ന് കൂട്ടമായി പാലായനം ചെയ്തു. വീടുകളിലുള്ള സ്ത്രീകളും കുട്ടികളും സംഘമായി ചേര്‍ന്ന് കഴിഞ്ഞ ഒന്നിച്ചു കിടക്കുന്നു. പോലീസ് വാഹനങ്ങളുടെ ചീറിപാഞ്ഞുള്ള ഓട്ടമാണു രാത്രിയിലും പകലും. ചിലപ്പോള്‍ വാഹനം വീട്ടുപടിക്കല്‍ നിര്‍ത്തും, അനുവാദമില്ലാതെ പുരുഷപോലീസുകാര്‍ വീടിനകത്തേക്ക് കടക്കും, തട്ടും പുറവും കക്കൂസും മുതല്‍ കട്ടിലിന്റെ അടിവരെ ആണുങ്ങള്‍ക്കായി പരതുന്നു.
14രാത്രി 9മണിക്കുശേഷമുള്ള മൊബൈല്‍ കാളുകള്‍ മുഴുവന്‍ സൂഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണു പോലീസ്. സമീപ സ്ഥലത്തുനിന്നും കലാപമുണ്ടായ ചുങ്കക്കുന്നിലേക്ക് വന്ന എല്ലാ വാഹനങ്ങളും പോലീസ് പിടിച്ചെടുക്കുന്നു. ഒട്ടോ ഡ്രൈവര്‍മാരെ മുഴുവന്‍ കസറ്റഡിയിലെടുക്കുന്നു. ഒളിവില്‍ പോയവരുടെ കടകളും സ്ഥപങ്ങളും ഇനിയൊരു അറിയിപ്പ് തരുന്നതുവരെ തുറക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ് അടപ്പിക്കുന്നു. പിടിയിലാകുന്നവരെ പല രീതിയില്‍ ചോദ്യം ചെയ്യുന്നു, മറ്റുള്ള പേരുകള്‍ കിട്ടുവാന്‍. ഞാന്‍ ഈ എഴുതുന്നത് സത്യമായ കാര്യങ്ങളാണു. കൊട്ടിയൂര്‍ മേഖലയില്‍ ആയിരക്കണക്കിനു വീടുകളില്‍ പുരുഷന്മാര്‍വാര്‍ത്തകള്‍ മുഴുവന്‍ ഒതുക്കപ്പെടുകയാണു. ജനങ്ങള്‍ ക്കുടുതല്‍ വികാരഭരിതരാകാതിരിക്കാന്‍ ഈ കലാപത്തിന്റെ പച്ചയായ ചിത്രം അന്നേ പുറത്തു വിട്ടില്ലായിരുന്നു. ഇതിനേ ആദ്യം മുതല്‍ കലാപം എന്ന വാക്കായിരുന്നു ഞാന്‍ ഉപയോഗിച്ചത്. 14നുതന്നെ എന്റെ ബ്ലോഗിലും ഈ കലാപത്തേപറ്റി എഴുതി. അത്ര ഭീകരമായ രാത്രിയായിരുന്നു അന്നവിടെ. കേരളം ഒരിക്കിലും ഇത്തരമൊരു കലാപം കണ്ടിരിക്കില്ല.
14നവംബര്‍ ഉച്ചമുതല്‍ ചുങ്കക്കുന്ന് പൊട്ടന്‍ തോട്ടില്‍ വിഷയം തുടങ്ങുകയായി. മിച്ചഭൂമീന്നപേരില്‍ പട്ടയ ഭൂമി അളക്കുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പിറകേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായൗള്ള വാര്‍ത്ത്കളുടെ വിശദാംശം ചാനലുകളിലും വരുന്നു. പൊട്ടന്‍ തോട്ടിലേ മിച്ചഭൂമി വിഷയം കസ്തൂരി സമരത്തിലേക്ക് മെല്ലെ റൂട്ട് മാറുന്നു. വൈകുന്നേരമായപ്പോഴേക്കും ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ വിവരം പുറത്തറിയുന്നു. ഏറെ വികാരഭരിതമാകുന്നു കൊട്ടിയൂരിലേ ജനങ്ങള്‍. രാത്രി തുടങ്ങിയപ്പോഴേ പോലീസുമായുള്ള ചെറുത്തുനില്‍പ്പ് തുടങ്ങുന്നു. കൊട്ടിയൂര്‍ മേഖലയിലേ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ ചുങ്കക്കുന്നിലേ പ്രശ്ന സ്ഥലത്ത് എത്തുന്നു. കൂടുതല്‍ വാഹനങ്ങളില്‍ ആളുകള്‍ രാത്രി വൈകിയും വരുന്നു. ഇതിനിടയില്‍ പൊട്ടന്‍ തോട്ടില്‍ പരിസ്ഥിതി
 
ഉദ്യോഗസ്ഥര്‍ എത്തിയ വാഹനം തോട്ടിലേക്ക് തള്ളിയിട്ട് കത്തിക്കുന്നു. ചുങ്കക്കുന്നിനും പൊട്ടന്‍ തോടിനും ഇടയിലുള്ള 3കിലോമീറ്റര്‍ റോഡില്‍ മുഴുവന്‍ തീയിടുന്നു. ജനക്കൂട്ടം പോലീസിനേ തടയുന്നു. പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിഷേധവുമായി എത്തുന്നു. വീണ്ടും ആളുകള്‍ ചുങ്ക്ക്കുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍ ആരോ ഓഫാക്കുന്നു. കൂരിരുട്ടില്‍ പകല്‍ സംവിധാനവുമായി വന്ന പോലീസിനു ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെയായി. ആദ്യം മുതലേ ജനങ്ങളെ നിയന്ത്രിക്കാന്‍ സമരത്തിന്റെ ചെയര്‍ പേഴ്സനായ ഫാ. തോമസ് മണക്കുന്നേല്‍ ഇടപെടുന്നത് ഒരു കൂട്ടം ആളുകള്‍ അംഗീകരിക്കാതെ വരുന്നു. കൊട്ടിയൂരിനും ചുങ്കക്കുന്നിനും പുറത്തുനിന്നും വന്ന ആളുകള്‍ പോലീസിന്റെ വാഹനത്ത്നു നേരെ അക്രമം നടത്തുകയും പോലീസ് മുഴുവന്‍ വാഹനം ഉപേഷിച്ച് പോവുകയും ചെയ്യുന്നു. 3കിലോമീറ്റര്‍ അകലെ കേളകത്തെക്ക് നൂറുകണക്കിനു പോലീസുകാര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് 11 പോലീസ് വാഹനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് കത്തിക്കുന്നു. ഫാ.തോമസിന്റെ വിലക്കുകള്‍ മറികടന്ന് പുറമേനിന്നും വന്ന സംഘം പള്ളിയില്‍ കൂട്ടമണിയടിക്കുന്നു. വാഹനങ്ങള്‍ കത്തിയമരുന്നത് കെടുത്താന്‍ എത്തിയ ഫയര്‍ഫോഴ്സിന്റെ വാഹനവും തകര്‍ക്കുന്നു. കൊട്ടിയൂരില്‍ ഫോറസ്റ്റ് ഓഫീസിനും, വാഹനവും തകര്‍ക്കുന്നു. കൊട്ടിയൂരില്‍ ഫോറസ്റ്റ് ഓഫീസിനും, 3ക്വാട്ടേഴ്സുകള്‍ക്കും തീയിടുന്നു. കണ്ണൂര്‍ എസ്.പി, കലക്ടര്‍ എന്നിവര്‍ക്ക് കൊട്ടിയൂരിലേക്ക് കടക്കുവാന്‍ ആകാതെ കേളകത്തു കാത്തുനില്‍ക്കുന്നു. വയനാട് ഭാഗത്തുനിന്നും പോലീസ് എത്തുന്നത് തടയുവാന്‍ അമ്പായത്തോട്ടിലും റോഡ് തടസപ്പെടുത്തിയിരുന്നു. ഇതിനിടെ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള ഫാദറുടെ അനൗണ്‍സ്മെന്റ് ജനങ്ങള്‍ കേള്‍ക്കാതെ വരുന്നു. ഒടുവില്‍ അഭ്യന്തിര മന്ത്രി പലവട്ടം സമര നേതാക്കളെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സംഭവ സ്ഥലത്തേക്ക് കുതിച്ച കോണ്‍ഗ്രസിന്റെ എം.എല്‍.എ സണ്ണി ജോസഫിനേ ജനങ്ങള്‍ കൊട്ടിയൂരിലേക്ക് കടത്തിയില്ല. ഇദ്ദേഹം കേളകം സ്റ്റേഷനില്‍ ചിലവഴിച്ചു രാത്രി മുഴുവന്‍. ശ്രദ്ദേയമായ കാര്യം ഈ രാത്രി കലാപത്തിന്റെ തല്‍സമയ ചിത്രവും ദൃശ്യവും പകര്‍ത്തുന്നതില്‍ നിന്നും പത്രക്കാരെ വിലക്കി. എല്ലാ പത്രക്കാരെയും ലോക്കല്‍ ചാനലിനെയും അടിച്ചോടിച്ചു. ഒരു ചിത്രവും ദൃശ്യവും ലഭ്യവുമല്ല. പുലര്‍ച്ചെ 3മണിയോടെ ഫാദര്‍ കേളകം വരെ നടന്നു ചെന്ന് എസ്.പി.യേയും കലക്ടറെയും കൂട്ടിവരികയും കസ്തൂരി റിപ്പോര്‍ട്ട് കൊട്ടിയൂരില്‍ നടപ്പാക്കില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. ആര്‍ക്കുമെതിരെ കേസും എടുക്കില്ലെന്ന് ഇവര്‍ എഴുതി ഒപ്പിട്ടു നല്‍കി.
നേരം പുലര്‍ന്നപ്പോള്‍ എങ്ങും ചാരവും പുകയുമായി കലാപം അടങ്ങി. ഒരു രാത്രിയിലേ ഏതാനും മണിക്കൂറുകൊണ്ട് കേരള പോലീസിനെ ഞെട്ടിച്ച് ഈ കലാപം എങ്ങിനെയുണ്ടായി. ബഹളം തുടങ്ങിയിടത്തല്ല അവസാനിച്ചത്. തുടങ്ങിയത് മറ്റൊരു വിഷയത്തിലും പിന്നീട കസ്തൂരി റിപ്പോര്‍ട്ടിലേക്കും വീഴുകയായിരുന്നു. അപരിചിതരായ നാട്ടുകാരല്ലാത്തവര്‍ എങ്ങിനെ ഇവിടെയെത്തി. ലോറിയില്‍ എറിയാന്‍ കല്ലുകൊണ്ടുവന്നുവെന്ന് പറയുന്നുണ്ട്. ഇത് ശരിയെങ്കില്‍ ആരു കൊണ്ടുവന്നു. ഈ കലാപത്തില്‍ ക്വാറി മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നു. പ്രദേശത്തുനിന്നും കേള്‍ക്കുന്നത് മുഴുവന്‍ എഴുതാന്‍ പറ്റില്ല...കാരണം അത്രയേറെ ബാഹ്യ ഇടപെടല്‍ ഇവിടെ നടന്നു. വികാര ഭരിതരായ ജനത്തേ കലാപത്തിലേക്ക് തള്ളിവിടുവാന്‍ എളുപ്പമാണു.
സമരം നേതാക്കളുടെ കൈയ്യില്‍ നിന്നും രാത്രിയുടെ മറവില്‍ ആരോ ചേര്‍ന്ന് തട്ടിയെടുത്തു. ചാനല്‍ വാര്‍ത്തയും പത്രവാര്‍ത്തയും ഒന്നുമില്ലാതെ തന്നെ ഇത്രയും 5000ത്തോളം വരുന്ന ജന കൂട്ടം എങ്ങിനെ സംഘടിച്ചു. ഒരു കാര്യം ഉറപ്പാണു. നാട്ടുകാര്‍ മഹാ ഭൂരിപക്ഷവും സമരം നടത്താനും, അക്രമം തുടങ്ങിയപ്പോല്‍ കാഴച്ചക്കാരാകാനും ഓടിക്കൂടിയതാണു.
അക്രമം നടത്തിയത് ആരെന്നു പോലീസിനു നല്ലവണ്ണം അറിയാം. അവരെ ഒഴിവാക്കി ജനങ്ങളെ ക്രൂശിക്കരുത്. ഇതിനു പിന്നിലേ തലയെയാണു പിടിക്കേണ്ടത്. വാഹനങ്ങള്‍ കത്തിച്ചവരെയും, പോലീസിനേ അക്രമിച്ചവരെയും പിടികൂടണം. ഇവരെ കൃത്യമായി പിടിക്കാന്‍ പാറ്റാതെ തീകാണാനും കത്തിക്കുന്നത് കാണാനും, കൂട്ടുകാരെ ഫോണ്‍ചെയ്തു വിളിച്ചവരെയും ഒക്കെ പിടികൂടി കേസില്‍ പെടുത്തിയാല്‍ നാളെ ഇതിലും വലിയ ദുരന്തങ്ങള്‍ സംഭവിക്കും. കാരണം ഇതിനു പിന്നിലേ തലകള്‍ സുരക്ഷിതമായി ഇരിക്കുകയാണു. വികാരിഭരിതമായ ഒരു ജനത്തേക്കൊണ്ട് ഈ തീ വാരിച്ച ആളുകളെകൊണ്ടുതന്നെ ഈ അക്രമത്തിനു ഉത്തരം പറയിപ്പിക്കണം. ജനങ്ങള്‍ വികാരഭരിതരാവുക സ്വഭാവികമാണു. എന്നാല്‍ ഈ അക്രമത്തിലേക്കും തീവയ്പ്പിലേക്കുംഅവരെ നയിപ്പിച്ച ആളുകള്‍ രക്ഷപെടാന്‍ പാടില്ല.
കൊട്ടിയൂരുകാരെ മുഴുവന്‍ വേട്ടയാടുന്നതിനു പകരം കുറ്റകാരെ മാത്രം പിടിക്കുക. പാവം നാട്ടുകാരെ വെറുതേ വിടുക.ജനക്കൂട്ടം മുഴുവന്‍ വണ്ടി കത്തിക്കാന്‍ ഏതായാലും ഉണ്ടാകില്ല. വാഹനം കത്തിച്ചവരും, അക്രമം നടത്തിയവരും ഏതാനും പേരടങ്ങുന്ന സംഘമാണു. തീ കണ്ടവരെയും സമരത്തിനു വന്നവരെയും, സംഭവ സ്ഥലത്ത് ഉ ണ്ടായിരുന്നവരെയുമെല്ലാം ശരിയാക്കിത്തരാം എന്ന രീതിയിലുള്ള ഈ പോലീസ് നടപടി ഒരുതരം ഉമ്മാക്കു കാട്ടലാണു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെങ്കില്‍ ഇനിയും ഈ സമൂഹം വഴിമാറി ചിന്തിക്കും. കൊട്ടിയൂരില്‍ ഒരു ദിവസം കൊണ്ട് ഉണ്ടായ ഭരണകൂടത്തിനെതിരായ വികാരമല്ലിത്. പൊട്ടന്‍ തോട്ടില്‍ അരനൂറ്റാണ്ടു കഴിഞ്ഞ പട്ടയ ഭൂമി ഇപ്പോള്‍ മിച്ച് ഭൂമിയെന്ന് പറഞ്ഞ് ജനത്തേ കൊല്ലാകൊലചെയ്യും വിധം പീഠിപ്പിച്ചു. നെല്ലിയോടി, പാലുകാച്ചി, പാല്‍ച്ചുരം അടക്കാത്തോട്, അമ്പായത്തൊട് എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി കാട്ടാനയും വന്യ മൃഗ ശല്യവും, വനം റവന്യൂ വകുപ്പ് സംയുക്ത പരിശോധനയ്ക്ക് ശേഷം നല്‍കിയ പട്ടയമാണു ഇവിടെ. ഇങ്ങനെയുള്ള പട്ടയ ഭൂമിയിലൂടെ വനം വകുപ്പ് ഏകപക്ഷീയമായി ജണ്ടകള്‍ സ്ഥാപിച്ചു. വെറും ഒരു വിജ്ഞാപനത്തിലൂടെ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന പട്ടയ ഭൂമി വനം വകുപ്പ് ഇ.എഫ്.എല്‍ ആക്കി. ഭൂമിക്ക് കരം അടക്കാനും, കൈമാറ്റവും പറ്റുന്നില്ല. ബാങ്കുകള്‍ ലോണ്‍ നിരോധിച്ചു. പാരിസ്ഥിതി ലോലമായി കൂടി ഇനി കൊട്ടിയൂരിനേ പ്രഖ്യാപിച്ചാല്‍ എന്താകും ജീവിതമെന്ന് ഇവിടുത്തുകാര്‍ക്ക് നിലവിലേ അനുഭവത്തില്‍ നിന്നും അറിയാം. കൊട്ടിയൂരുകാരെ പാരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പ്രത്യാഘാതം പഠിപ്പിക്കാന്‍ മാത്രം അനുഭവ സമ്പത്തുള്ള ഒരു പരിസ്ഥിതി പ്രേമിയും കേരളത്തിലില്ല.
ഇങ്ങനെ പതിറ്റാണ്ടുകളായുള്ള ഒരു ജനതയുടെ എല്ലാ രോഷവും ഒരു രാത്രി ആരോ വന്ന് വിളവെടുപ്പ് നടത്തി. എന്തായാലും  കേരളത്തിന്റെ മലയോരം മുഴുവന്‍ ഈ സമരം ഏറ്റെടുത്തു. ദില്ലിയില്‍നിന്നും തുടരെ തുടരെ അനുകൂല പ്രസ്ഥാവന വന്നു. കര്‍ഷകരുടെ നീറിപുകയുന്ന വിഷയങ്ങളില്‍ യാതൊരു അനുകമ്പയും കാട്ടാത്ത ഭരണകൂടങ്ങളും പരിസ്ഥിതി വാദികളും മനുഷ്യരോട് ചെയ്ത തെറ്റുകളുടെ പരിണിത ഫലമാണ് ഈ ദുരന്തം. ശരിയായ നീതി ഇവര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഇത്തരം അവസരത്തില്‍ ഒരു പൊരി മതി ആളിക്കത്തുവാന്‍ .
 

No comments:

Post a Comment