Search This Blog

Saturday, November 9, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌; മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങിനെ?...

 ''കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുടനീളം ഉള്ളത്. എന്നും സമരം നടക്കുന്നു. ഈ ലക്ഷങ്ങളില്‍ ഒരു മാവോവാദിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുകയാണ്. എങ്കില്‍ ഈ സമരം കേരളം ഏറ്റെടുക്കുമായിരുന്നു. മാധ്യമങ്ങളും ചാനലും ഏറ്റെടുക്കുമായിരുന്നു. കേരളത്തിന്റെ ഏതോ ഉള്‍വനത്തില്‍ ആരുടെയോ നിഴല്‍ കണ്ടപ്പോള്‍ നിക്കറില്‍ മൂത്രമൊഴിച്ച പോലീസും, പകലും രാത്രിയും ലൈവ് ചര്‍ച്ചകല്‍ നടത്തിയ മാധ്യമങ്ങളുമാണീ നാട്ടില്‍. മാവോ വാദികളെ ഭരണകൂടവും, മാധ്യമവും ഒരുപാടു ഭയക്കുന്നു. നക്‌സലിസവും, മാവോയിസവും ഒന്നും സാധാരണ ജനങ്ങള്‍ക്കെതിരായിരുന്നില്ല. ആര്‍ക്കെതിരാണോ അവരാണ് ഭയക്കുന്നത്. ''

ജനങ്ങളുടെ ഭൂമിയിലും, കൃഷിയിടത്തിലും, പാര്‍പ്പിടത്തിലും, അവകാശം സ്ഥാപിക്കാന്‍ വന്ന ഒരു ഭീകരനെതിരെ നിരായുധരായ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരമാണ് ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ. കൊലപാതകവും, ഉരുള്‍പൊട്ടലും, ദുരന്തങ്ങളും റിപ്പോര്‍ട്ട്‌ചെയ്യാന്‍ മലയോരത്ത് എത്തുന്ന ചാനലുകള്‍ക്ക് ഈ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ജനസമൂഹം ഇനി മാവോ വാദികളും നക്‌സലുകളും ആകണോ? ബോംബും, തീയും, കൊടുവാളുകളും കയ്യില്‍ എടുക്കണമോ?. ഭരണകൂട സംവിധാനങ്ങള്‍ക്ക് നേരെ അക്രമം നടത്തണോ?....ചാനലുകളും, അവിടെ സ്ഥിരം ചര്‍ച്ചകള്‍ക്കെത്തുന്ന ആളുകളും ഒക്കെ പട്ടണങ്ങളിലെ ചില്ലു മേടകളില്‍ ഇരിക്കുന്നവരാണ്. ഇവര്‍ സമരം നടത്തുന്ന മലയോര കര്‍ഷകനേ വനം കൊള്ളക്കാരായും, കള്ളത്തടിവെട്ടുകാരായും, പരിസ്ഥിതി നാശകരായും, ഖനനക്കാരായും കാണുകയാണ്. ഇവിടെയാണ് വേര്‍തിരിവ് കാണേണ്ടത്. കള്ളന്മാരെയും കൊള്ളക്കാരെയും ഈ സാധു ജനവിഭാഗത്തിന്റെ ജീവിത സമരവുമായി കൂട്ടികലര്‍ത്തി ക്കാണരുത്. ഈ അക്കൗണ്ടില്‍ എഴുതരുത്.

പ്രകൃതിയെ പച്ച പുതപ്പിക്കുകയും പശമണ്ണില്‍ ചവിട്ടിനില്ക്കുന്നവരുമാണ് കര്‍ഷകര്‍. ഇവര്‍ ഒരു മരം മുറിച്ചെങ്കില്‍ അസംഖ്യം കൃഷിമരങ്ങള്‍ നട്ടു നനച്ചു വളര്‍ത്തുന്നു. പട്ടണങ്ങളില്‍ പാടങ്ങള്‍ നികത്തിയ സ്ഥലത്തേ ചില്ലുമേടകളിലിരുന്ന് പരിസ്ഥിതി വാദികളും , ചാനല്‍ ചര്‍ച്ചകരും, ചാനലുകളും ഈ സമരത്തേ അക്രമിക്കരുത്.വെല്ലുവിളിക്കുന്നു, നികത്തിയ പാടങ്ങളില്‍ നിര്‍മ്മിച്ച ടൗണുകളും, സമുച്ചയങ്ങളും ആദ്യം നീക്കം ചെയ്യാമോ?. ഒരിക്കല്‍ നക്‌സലിസത്തേ കേരളത്തില്‍ ഭരണകൂടം വേട്ടയാടിയപ്പോഴും അവര്‍ക്ക് സഹായങ്ങള്‍ നല്കിയത് വയനാട്ടിന്റെ വനസാമീപ്യ പ്രദേശങ്ങളിലെ സാധാരണ ജനവിഭാഗവും, ആദിവാസികളുമായിരുന്നെന്ന് ഇപ്പോള്‍ മാവോ വാദികളെ തിരയുന്നവര്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.

No comments:

Post a Comment